വേദനയോടെ അന്ത്യനിദ്രയും ഒന്നിച്ച്...; കുന്നുമ്മൽ വീട് കണ്ണീർക്കടൽ
text_fieldsപരപ്പനങ്ങാടി: ഉല്ലാസ യാത്രക്കിടെ താനൂർ കെട്ടുങ്ങൽ അഴിയിൽ ബോട്ട് മറിഞ്ഞ് പുഴയിൽ പൊലിഞ്ഞ 11 പേരുൾപ്പെടെ രണ്ടു കുടുംബങ്ങൾ ഒന്നിച്ച് കഴിയുന്ന ഒറ്റ മുറി വീടിന്റെ ഇടുക്കും ഹൃദയ ഭേദകമാണ്. മക്കൾ വളർന്ന് വലുതായതോടെ കുന്നുമ്മൽ വീട്ടിലെ ഗൃഹനാഥന്മാരായ സെയ്തലവിയുടെയും സിറാജിന്റെയും അന്തിയുറക്കം തൊട്ടടുത്തുള്ള പിതൃ സഹോദരി പുത്രി നഫീസയുടെ വീട്ടിലായിരുന്നു.
ഇല്ലായ്മയുടെ ഒറ്റമുറിയിൽ ഒറ്റ പായ വിരിച്ച് കിടന്നുറങ്ങാൻ ശീലിച്ച സെയ്തലവിയുടെ ഭാര്യ സീനത്തും സഹോദരൻ സിറാജിന്റെ ഭാര്യ റസീനയും മക്കളായ ഹയർ സെക്കൻഡറി വിദ്യാർത്ഥികളായ അസ്ന, ഷംന, സഹോദരികളായ ഷഫ് ല ഷറിൻ, ഫിദ ദിൽദന, സിറാജിന്റെ ഭാര്യ റസീന, യഥാക്രമം മൂന്ന്, ഒന്ന് ക്ലാസുകളിൽ പഠിക്കുന്ന ദഹറ, റുഷ്ദ, കൈ കുഞ്ഞ് ഫാത്തിമ നയിറ എന്നിവർ ഇനിയും പുത്തൻ കടപ്പുറത്ത് മഹല്ല് കമ്മറ്റി ഒരുക്കിയ ഖബറിൽ തൊട്ടടുത്തായി അന്തിയുറങ്ങും. വിധിയുടെ നിയോഗമായി പിതാക്കന്മാരായ സെയ്തലവിയും സിറാജും നിറഞ്ഞൊഴുകുന്ന പ്രാർത്ഥനാ ഹൃദയത്തോടെ ബാക്കിയായി.
കുഞ്ഞിമ്മുവും കുട്ടികളും അവസാനം ചേർന്നുറങ്ങുന്നതും ഒന്നിച്ച്
പരപ്പനങ്ങാടി: തെക്കൻ കേരളത്തിൽനിന്ന് ചെറുപ്പത്തിലെ തൊഴിലിനായി പരപ്പനങ്ങാടിയിലെത്തി കുന്നുമ്മൽ കുടുംബത്തിന്റെ പരിരക്ഷയിൽ കുടുംബത്തിന്റെ മേൽ വിലാസം സ്വീകരിച്ച് കുടുംബാംഗമായി മാറിയതാണ് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ നിലമ്പൂർ സ്വദേശിയായ ജൽസിയ എന്ന കുന്നുമ്മൽ കുഞ്ഞിമ്മു. ഇവരും മക്കളായ ജറീർ, ജന്ന എന്നിവരും അന്ത്യ നിദ്ര കൊള്ളുന്നത് കുന്നുമ്മൽ വീട്ടുകാരോടൊപ്പം പുത്തൻ കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ തോളോട് തോൾ ചാരിയാണ്.
അടുത്ത കാലത്താണ് ആവിൽ ബീച്ചിൽ ഒരു തുണ്ടു ഭൂമി വാങ്ങി ജാബിറും കുടുംബവും ചെറിയൊരു വീട്ടിലേക്ക് താമസം മാറിയത്. ഒരു വീടെന്ന സ്വപ്നം തറയിലൊതുങ്ങി കുടുംബം അന്ത്യാഭിലാഷം പൂർത്തിയാക്കാനാവാതെയാണ് കുന്നുമ്മൽ കുടുംബത്തിന്റെ അന്ത്യ യാത്ര...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.