യാത്രക്കാരെ കുത്തിനിറച്ചു, ലൈഫ് ജാക്കറ്റില്ല; ദുരന്തത്തിന് ഇടയാക്കിയത് പൊറുക്കാനാവാത്ത അനാസ്ഥ
text_fieldsതാനൂർ (മലപ്പുറം): താനൂർ പൂരപ്പുഴയിൽ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മുങ്ങി സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ മരിച്ച ദുരന്തത്തിനിടയാക്കിയത് തികഞ്ഞ അശ്രദ്ധയും അനാസ്ഥയുമെന്ന് വ്യക്തം. മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ബോട്ടാണ് രൂപമാറ്റം വരുത്തി ടൂറിസം ആവശ്യത്തിന് ഉപയോഗിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പൂർണമായും മുങ്ങിയ ബോട്ട് പിന്നീട് വടംകെട്ടി വലിച്ചു കരക്കെത്തിച്ചു. ബോട്ടിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാനും ഏറെ ബുദ്ധിമുട്ടി. അഴിമുഖത്തുനിന്ന് പുഴയിലേക്കായിരുന്നു ബോട്ട് യാത്ര.
അവസാന ട്രിപ്പായതിനാൽ കൂടുതൽ പേർ കയറി. ഞായറാഴ്ചയായതിനാൽ നിരവധി പേർ ഇവിടെയുണ്ടായിരുന്നു. ബോട്ടിലെ തിരക്ക് കണ്ട് ചിലർ കയറാതെ പിന്മാറിയാതായും പറയുന്നു. 40ഓളം പേരാണ് ഡബ്ൾ ഡെക്കർ ബോട്ടിൽ കയറിയത്. പൂരപ്പുഴ അറബിക്കടലിനോടു ചേരുന്ന ഭാഗത്താണ് സംഭവം. താനൂർ തൂവൽത്തീരം ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഉല്ലാസബോട്ടാണ് അപകടത്തിൽപെട്ടത്. ഇതുവഴി വന്ന മറ്റൊരു ഉല്ലാസബോട്ടാണ് അപകടം കണ്ടത്.
ഈ ബോട്ടിലുള്ളവർ കരയിലേക്ക് അറിയിച്ചതോടെയാണ് ദുരന്തമറിഞ്ഞത്. കരയിൽനിന്ന് 300 മീറ്റർ ദൂരെയാണ് ബോട്ട് തലകീഴായി മറിഞ്ഞത്. അനുവദിച്ച സമയം കഴിഞ്ഞും ബോട്ടുസവാരി നടത്തിയതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുണ്ടായിരുന്നില്ല.
ബോട്ട് സർവിസ് നടത്തുന്നവരുടെ വീഴ്ചയാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മലപ്പുറം ജില്ലയിലെ വിവിധ അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്ത് കുതിച്ചെത്തി. പിന്നീട് കോഴിക്കോട്ടുനിന്നും അഗ്നിശമനസേനയെത്തി. രാത്രിയിൽ വെളിച്ചമില്ലാത്തതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി. സംഭവപ്രദേശത്തേക്ക് വീതികുറഞ്ഞ റോഡുമാണുള്ളത്.
കടലിൽനിന്ന് ഏറെ ദൂരമില്ലാത്ത സ്ഥലത്തായതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ആദ്യം രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയത് മത്സ്യത്തൊഴിലാളികളടക്കമുള്ള നാട്ടുകാരായിരുന്നു.രക്ഷാപ്രവർത്തനത്തിനിടെ ചിലർക്ക് പരിക്കും പറ്റി. ഞായറാഴ്ച ആയതിനാൽ ബീച്ചിൽ നിരവധി ആളുകളുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് തുടക്കത്തിൽ രക്ഷാപ്രവർത്തനം നടന്നത്. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കല്,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.