താനൂർ ബോട്ടപകടം: കാണാതായ കുട്ടിയെ കണ്ടെത്തി; തിരച്ചിൽ അവസാനിപ്പിച്ചേക്കും
text_fieldsതാനൂർ: പൂരപ്പുഴയിൽ ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ കാണാതായെന്ന് കരുതിയ കുട്ടിയെ ആശുപത്രിയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലാണ് എട്ടുവയസുള്ള കുട്ടി ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നത് അറിയാതിരുന്നതിനാലാണ് കുടുംബാഗങ്ങൾ കുട്ടിയെ കിട്ടിയിട്ടില്ലെന്ന് അറിയിച്ചിരുന്നത്.
ഈ കുഞ്ഞിനു വേണ്ടിയാണ് ഇന്ന് രാവിലെ മുതൽ എൻ.ഡി.ആർ.എഫ് ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നത്. എത്രപേർ അപകടത്തിൽപെട്ടിട്ടുണ്ടെന്ന് കൃത്യമായ കണക്കില്ലാത്തതിനാൽ ഇനിയാരും വെള്ളത്തിൽ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്താനായിരുന്നു അതിരാവിലെ നടത്തിയ തിരച്ചിൽ. അതിനിടെയാണ് ഒരു കുഞ്ഞിനെ കൂടി കണ്ടെത്താനുണ്ടെന്ന വാർത്തകൾ വരുന്നത്. അതോടെ തിരച്ചിൽ ഊർജ്ജിതമാക്കി.
ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും നാവിക സേനയും നാട്ടുകാരുമുൾപ്പെടെയാണ് തിരച്ചിൽ നടത്തിയിരുന്നത്. എന്നാൽ ഉച്ചയോടെ കുട്ടിയെ കണ്ടെത്തിയതായി കുടുംബം അറിയിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലായതിനാൽ അറിയാൻ വൈകിയതാണെന്ന് കുടുംബം അധികൃതരെ വിവരമറിയിച്ചു. അപകടത്തിൽ കൂടുതൽ പേരെ കാണാതായതായി ബന്ധുക്കളോ രക്ഷപ്പെട്ടവരോ അറിയിച്ചിട്ടില്ലാത്തതിനാൽ തിരച്ചിൽ അവസാനിപ്പിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.