ചില്ലകൾ പോയ ഒറ്റമരങ്ങളായി സൈതലവിയും സിറാജും
text_fieldsതാനൂർ: എന്തുപറഞ്ഞ്, എങ്ങനെ പറഞ്ഞാണ് സൈതലവിയുെടയും സിറാജിന്റെയും നെഞ്ചിലെ തീയണക്കുക. ചില്ലകളെല്ലാം വെട്ടിമാറ്റപ്പെട്ട് ഒരു നിമിഷംകൊണ്ട് ഒറ്റമരങ്ങളായിപോയ ആ സഹോദരന്മാരോട് എന്തുപറയുമെന്നറിയാതെ ഒരു നാടാകെ വിറങ്ങലിച്ചുപോയ നിമിഷങ്ങളായിരുന്നു അത്. പ്രിയപ്പെട്ട ഇണകൾക്കും മക്കൾക്കുമൊപ്പം സന്തോഷപൂർവം ജീവിക്കാൻ അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നത്തിനായി കെട്ടിയ തറക്ക് മുകളിൽ അവരുടെ മൃതദേഹങ്ങൾ നിരത്തിവെച്ചത് അവസാനമായി കാണേണ്ടിവരുന്ന അവസ്ഥ എല്ലാ വിവരണങ്ങൾക്കും പുറത്തായിരുന്നു.
തിങ്കളാഴ്ച രാവിലെ 9.45ഓടെയാണ് പരപ്പനങ്ങാടി ആവിൽ ബീച്ചിലെ കുന്നുമ്മൽ വീടിനായി കെട്ടിയ തറയിലെ പന്തലിലേക്ക് ഒമ്പത് മൃതദേഹങ്ങൾ വരിവരിയായി കൊണ്ടുവന്നത്. അപ്പോഴേക്കും ജനപ്രളയമായ വീട്ടുപരിസരത്തെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും ട്രോമകെയർ-സന്നദ്ധ പ്രവർത്തകരുൾപ്പെടെയുള്ള വളന്റിയർമാരും ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടു. സ്ത്രീകളുൾപ്പെടെയുള്ള ബന്ധുക്കൾക്കും അയൽവാസികൾക്കും മൃതദേഹങ്ങൾ കാണാനുള്ള അവസരമാണ് അവിടെ ഒരുക്കിയിരുന്നത്. കണ്ടിറങ്ങുന്ന ഓരോരുത്തരുടെയും നെഞ്ചുപൊട്ടുന്ന കരച്ചിലുകൾ കണ്ട്, തിരക്ക് നിയന്ത്രിക്കാൻ നിലയുറപ്പിച്ച ഉദ്യോഗസ്ഥരടക്കമുള്ളവർ വിങ്ങിപ്പെട്ടുകയായിരുന്നു.
ഏറ്റവുമൊടുവിലായി സൈതലവി, സിറാജ്, ഇരുവരുടെയും മാതാവ് റുക്കിയാബി എന്നിവരെ മൃതദേഹങ്ങൾ കാണിക്കുന്ന രംഗം ഏവരെയും കണ്ണീരിലാഴ്ത്തുന്നതായിരുന്നു. മൃതദേഹങ്ങളോരോന്നും കണ്ട സൈതലവി, കണ്ണീരുണങ്ങി നോവുന്ന കാഴ്ചയായി മാറിയപ്പോൾ, പ്രിയപ്പെട്ടവരുടെ മുഖങ്ങൾ കണ്ട സിറാജ്, നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. ഏറെ പാടുപെട്ടാണ് സിറാജിനെ മൃതദേഹങ്ങൾക്കരികിൽനിന്ന് കൊണ്ടുപോയത്.
വീടുപണിക്കായി നിലവിലുണ്ടായിരുന്ന കൂര പൊളിച്ച് തറകെട്ടിയതിനാൽ, തൊട്ടപ്പുറത്ത് മറച്ചുകെട്ടിയാണ് കുടുംബമിപ്പോൾ കഴിയുന്നത്. ഈ ചെറു കുടിലിൽനിന്നാണ് കുടുംബാംഗങ്ങളെ ഓരോരുത്തരെയായി മൃതദേഹങ്ങൾ കാണിക്കാൻ കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.