കളിക്കളത്തിൽനിന്ന് ആദില മടങ്ങിയത് മരണത്തിലേക്ക്
text_fieldsവള്ളിക്കുന്ന്: വോളിബാൾ താരമായ ആദില ഷെറി കളിക്കളത്തിൽനിന്ന് നേരത്തേ മടങ്ങിയത് മരണത്തിലേക്ക്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ വോളിഗ്രാമം പദ്ധതിയിലൂടെയാണ് അരിയല്ലൂർ എം.വി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ആദില വോളിബാളിലേക്ക് എത്തുന്നത്.
കളിക്കളത്തിൽ മികച്ച അറ്റാക്കർ കൂടിയായ ആദില വള്ളിക്കുന്നിലെ സമ്മർ വോളിബാൾ പരിശീലന ക്യാമ്പിൽനിന്നായിരുന്നു കുടുംബങ്ങൾക്കൊപ്പം ബോട്ട് യാത്രയിൽ പങ്കെടുക്കാനായി പുറപ്പെട്ടത്.
കഴിഞ്ഞവർഷം പാലക്കാട്ട് നടന്ന സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലക്കായി മത്സരിച്ചിട്ടുണ്ട്. നിർധന കുടുംബാംഗമായ ആദിലക്ക് ആവശ്യമായ സ്പോർട്സ് കിറ്റ് സ്കൂൾ അധികൃതരാണ് വാങ്ങി നൽകിയത്. സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശനം നേടാനുള്ള തയാറെടുപ്പിലായിരുന്നു.
ഞായറാഴ്ച വൈകീട്ട് 5.45ഓടെ ഉമ്മ വിളിച്ചതിനെ തുടർന്നാണ് ബോട്ട് യാത്രക്കായി നേരത്തേ മടങ്ങിയത്. ആദിലയെ നേരത്തേ മടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് പരിശീലകൻ മുളരി പാലാട്ടിനെ വിളിച്ചിരുന്നു. ആദില മടങ്ങിയശേഷമാണ് ഇദ്ദേഹം ഫോൺ കോൾ കാണുന്നത്. തിരിച്ചു വിളിച്ചപ്പോൾ മകൾ മടങ്ങിയ വിവരം ഉമ്മയെ അറിയിക്കുകയും ചെയ്തു.
ആദിലയുടെ മടക്കം മരണത്തിലേക്കായിരുന്നുവെന്നത് ഉൾക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയിലാണ് സഹപാഠികൾ. മൃതദേഹം ഒരു നോക്ക് കാണാൻ നിരവധി സഹപാഠികളും അധ്യാപകരും പരിശീലകരും പൊതുദർശനത്തിനുവെച്ച ആനപ്പടി സ്കൂളിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.