താനൂരിൽ കണ്ണീർ കടൽ; തിരച്ചിൽ ഇപ്പോഴും തുടരുന്നു
text_fieldsമലപ്പുറം: താനൂർ ഒട്ടുംപുറം പൂരപ്പുഴ അഴിമുഖത്തോട് ചേർന്ന് ഉല്ലാസബോട്ട് മുങ്ങി 22 പേർ മരിച്ച അപകടത്തിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നു. ബോട്ടിൽ എത്ര പേരുണ്ടായിരുന്നെന്ന കണക്ക് ഇപ്പോഴും വ്യക്തമല്ലാത്തതിനാലാണ് തിരച്ചിൽ തുടരുന്നത്. ഇനി ഒരാളെ കണ്ടെത്താനുണ്ടെന്നും നിഗമനമുണ്ട്. ഞായറാഴ്ച വൈകീട്ട് ഏഴോടെയുണ്ടായ അപകടത്തിൽ കൂടുതൽ പേരെ കാണാതായതായി ബന്ധുക്കളോ രക്ഷപ്പെട്ടവരോ അറിയിച്ചിട്ടില്ല. 10 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
അതേസമയം, ഇന്ത്യൻ നാവിക സേനയുടെ സംഘം തിരച്ചിലിനെത്തി. ജില്ല കലക്ടറുടെ അഭ്യത്ഥന പ്രകാരമാണ് എത്തിയത്.
അപകടത്തിൽപെട്ട് അറ്റ്ലാന്‍റിക് ബോട്ട് ഉടമ താനൂർ സ്വദേശി നാസറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
അപകടത്തിൽ മരിച്ചവർ: പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷംന (16), ഷഫ്ല (13), സഫ്ന (17), സൈതലവിയുടെ സഹോദരൻ സിറാജിന്‍റെ ഭാര്യ റസീന (27), മക്കളായ ഷഹ്റ (8), ഫാത്തിമ റിഷിദ (7), നൈറ ഫാത്തിമ (പത്ത് മാസം), ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്‍റെ ഭാര്യ കുന്നുമ്മൽ ജൽസിയ എന്ന കുഞ്ഞിമ്മു (42), ജാബിറിന്‍റെ മകൻ ജരീർ (12), താനുർ സ്റ്റേഷനിലെ സി.പി.ഒ പരപ്പനങ്ങാടി ചിറമംഗലം മീനടം സബറുദ്ദീൻ (37), ആനക്കയം കളത്തിങ്ങൽപടി ചെമ്പനിയിൽ മച്ചിങ്ങൽ നിഹാസ്-ഫരീദ ദമ്പതികളുടെ മകൾ ആദി ഫാത്തിമ (ആറ്), പരപ്പനങ്ങാടി ചെട്ടിപ്പടി വെട്ടികുറ്റി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിശാബി, സൈനുൽ ആബിദിന്റെ മകൾ ആദില ഷെറി, സൈനുൽ ആബിദിന്റെ മകൻ അർഷാൻ, പെരിന്തൽമണ്ണ ശാന്തപുരം കോക്കാട് വയങ്കര നവാസിന്റെയും അസീജയുടെയും മകൻ അഫ്ലഹ് (ഏഴ്), പെരിന്തൽമണ്ണ ശാന്തപുരം കോക്കാട് വയങ്കര അസീമിന്റെയും ഫസീജയുടെയും മകൻ അൻഷിദ് (10), താനൂർ ഓലപ്പീടിക കാട്ടിൽപീടിയേക്കൽ സിദ്ദീഖ് (35), സിദ്ദീഖിന്റെ മകൻ ഫൈസാൻ (മൂന്ന്), സിദ്ദീഖിന്റെ മകൾ ഫാത്തിമ മിൻഹ (ഒന്ന്), ചെട്ടിപ്പടി സ്വദേശി അദ്നാൻ എന്നിവരാണ് താനൂർ ബോട്ടപകടത്തിൽ മരിച്ചത്. ഇതിൽ 11 പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്.
ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് ഇവിടെ ബോട്ട് സർവിസ് ആരംഭിച്ചത്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. പലരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നുമില്ല. സ്ത്രീകളും കുട്ടികളുമായതിനാൽ നീന്തൽ അറിയുന്നവരും കുറവായിരുന്നു. ഇതും മരണസംഖ്യ ഉയരാൻ ഇടയാക്കി. മത്സ്യത്തൊഴിലാളികളും നാട്ടുകാരും അഗ്നിരക്ഷസേനയും പൊലീസും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.