താനൂർ ബോട്ടപകടം: ബോട്ടുടമക്കെതിരെ നരഹത്യാകുറ്റം ചുമത്തി
text_fieldsതാനൂർ: താനൂർ പൂരപ്പുഴയിൽ ഉല്ലാസബോട്ട് മുങ്ങി 22 മരിക്കാനിടയായ സംഭവത്തിൽ ബോട്ടുടമക്ക് എതിരെ കേസ്. ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമ താനൂർ സ്വദേശി നാസറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നരഹത്യാകുറ്റം ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്.
അതേസമയം, ബോട്ടുടമ ഒളിവിലാണ്. നാലു ജീവനക്കാർ ബോട്ടിലുണ്ടായതിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ ബോട്ട് ജീവനക്കാരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പൊലീസ് പറയുന്നു.
ഉല്ലാസ ബോട്ട് സർവീസ് നടത്തിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് പൊലീസ് പറഞ്ഞു. മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയാണ് ഉല്ലാസബോട്ട് സർവീസിന് ഉപയോഗിച്ചത്. ഇരു നിലയിലായുള്ള ബോട്ടിൽ പരിധിയിലധികം പേർ കയറിയിരുന്നു. 40 പേർ ടിക്കറ്റ് എടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. എത്രപേർ കയറിയെന്നതിനെ കുറിച്ച് വ്യക്തതയില്ല. നിലവിൽ 35 പേരുടെ കണക്കുകളാണുള്ളത്.
വളരെ കുറച്ച് പേർക്ക് ഉപയോഗിക്കാനുള്ള ലൈഫ് ജാക്കറ്റ് മാത്രമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. കൂടാതെ, ആറു മണിക്ക് ശേഷം ബോട്ട് സർവീസ് പാടില്ലെങ്കിലും രാത്രിയും സർവീസ് തുടർന്നു. അപകടം രാത്രിയായതിനാലാണ് രക്ഷാപ്രവർത്തനം കൂടുതൽ രൂക്ഷമാക്കിയത്.
ബോട്ടിന് ഫിറ്റ്നസ് ലഭിച്ചത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ അനധികൃത സർവീസിന്റെ പേരിൽ പെരുന്നാൾ സമയത്ത് പൊലീസ് നടപടിയെ തുടർന്ന് ബോട്ട് സർവീസ് നിർത്തിവെച്ചിരുന്നുവെന്നും പിന്നീടും സർവീസ് തുടരുകയായിരുന്നെന്നും നാട്ടുകാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.