താനൂർ ബോട്ട് ദുരന്തം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
text_fieldsമലപ്പുറം: താനൂരിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച ദാരുണ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മേയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസർ ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണെന്ന് പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ വാഹനം എറണാകുളത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് വാഹനം തിരിച്ചറിഞ്ഞത്. നാസറിന്റെ ബന്ധുക്കൾ വാഹനത്തിൽ ഉണ്ടായിരുന്നു. പാലാരിവട്ടം പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
നാസർ എറണാകുളത്തെ ഏതെങ്കിലും സ്റ്റേഷനിൽ കീഴടങ്ങിയേക്കുമെന്നും പ്രചാരണമുണ്ട്. വാഹനത്തിലുണ്ടായിരുന്ന നാല് ബന്ധുക്കളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 22 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.