താനൂർ ബോട്ട് ദുരന്തം: മനുഷ്യാവകാശ കമീഷന്റെ കേസിൽ കക്ഷിചേരാൻ മുസ്ലിം ലീഗിന് അനുമതി
text_fieldsതാനൂർ: 22 പേർ മരിച്ച താനൂർ ബോട്ട് ദുരന്തത്തിൽ സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് താനൂർ മുനിസിപ്പൽ കമ്മിറ്റി മനുഷ്യാവകാശ കമീഷനിൽ ഹരജി നൽകി. കേസിൽ കക്ഷി ചേരാൻ കമീഷൻ അനുമതി നൽകി. മുസ്ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് സി. മുഹമ്മദ് അഷറഫ് ആണ് അഡ്വ. പി.പി. ഹാരിഫ് മുഖേന ഹരജി നൽകിയത്.
ലൈസൻസും ഫിറ്റ്നസും ഇൻഷുറൻസും ഇല്ലാതെ സർവിസ് നടത്തിയിരുന്ന അപകടത്തിൽപ്പെട്ട ബോട്ട് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തടഞ്ഞിരുന്നു.എന്നാൽ, പിറ്റേ ദിവസം തന്നെ സർവിസ് പുനരാരംഭിക്കുകയും ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് മറുപടി പറഞ്ഞത്. പൊലീസ് അനുമതിയോടെയാണ് സർവിസ് പുനരാരംഭിച്ചത് എന്നും ഹരജിയിൽ പറയുന്നു.
ലൈഫ് ജാക്കറ്റ് ഇല്ലാതെയാണ് ബോട്ടിൽ നാൽപതോളം യാത്രക്കാരെ കയറ്റിയത്. ഇതുമായി ബന്ധപ്പെട്ട് ലൈസൻസും ഫിറ്റ്നസും നൽകിയ ഉദ്യോഗസ്ഥർ, ബോട്ട് രൂപമാറ്റം വരുത്തി സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥർ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ട്.
ഗൂഢാലോചനയിലും അനാസ്ഥയിലും അവർക്ക് പങ്കുണ്ട്. അവരെ പൊലീസ് അന്വേഷണത്തിൽ പ്രതിയാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് രേഖകൾ ഹാജരാക്കാൻ സന്നദ്ധമാണെന്ന് ഹരജിക്കാർ വ്യക്തമാക്കി.കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനും ഹരജിക്കാരന് തെളിവുകൾ ഹാജരാക്കുന്നതിനും കേസ് ജൂണിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.