താനൂർ ബോട്ട് ദുരന്തം: ഒരാൾ കൂടി പിടിയിൽ
text_fieldsമലപ്പുറം: താനൂരിൽ വിനോദയാത്ര ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. ബോട്ട് ജീവനക്കാരൻ സവാദിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ ബോട്ട് ഉടമയും അഞ്ച് ജീവനക്കാരുമടക്കം ഒമ്പത് പേരാണ് ഇതുവരെ പിടിയിലായത്.
പ്രതികളിൽ മൂന്ന് പേർ ബോട്ട് ഉടമയെ ഒളിവിൽ പോകാൻ സഹായിച്ചവരാണ്. ബോട്ടിന്റെ ഉടമ താനൂർ സ്വദേശി നാസർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സഹോദരൻ സലാം (53), മറ്റൊരു സഹോദരന്റെ മകൻ വാഹിദ് (27), നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37), ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ, ബോട്ടിന്റെ മാനേജര്‍ അനില്‍, സഹായികളായ ബിലാല്‍, ശ്യാം കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ബോട്ടുടമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്ന് തിരൂർ സബ് ജയിലിലേക്കു മാറ്റിയിരുന്നു.
ജുഡീഷ്യൽ കമീഷൻ സ്ഥലം സന്ദർശിച്ചു
താനൂർ: ബോട്ട് ദുരന്തം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ജുഡീഷ്യൽ കമീഷൻ തലവൻ റിട്ട. ജസ്റ്റിസ് വി.കെ. മോഹനൻ അപകട സ്ഥലം സന്ദർശിച്ചു. ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങാത്തതിനാൽ അനൗദ്യോഗിക സന്ദർശനമാണ് നടന്നത്.
വ്യാഴാഴ്ച രാവിലെ താനൂരിലെത്തിയ ജസ്റ്റിസ് വി.കെ. മോഹനൻ ഉച്ചയോടെയാണ് തൂവൽതീരത്തെത്തിയത്. അപകട സ്ഥലവും ബോട്ടും പരിശോധിച്ച അദ്ദേഹം സർക്കാർ ഉത്തരവിറങ്ങിയതിനുശേഷം കമീഷൻ അംഗങ്ങൾ യോഗം ചേർന്ന് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നറിയിച്ചു.
നിയമ, സാങ്കേതികവിദഗ്ധരുടെ സാന്നിധ്യം ആവശ്യമെങ്കിൽ അവരെക്കൂടി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചു. കഴിഞ്ഞദിവസമാണ് മൂന്നംഗ കമീഷനെ സർക്കാർ നിയമിച്ചത്.
താനൂർ അപകടം: ബേപ്പൂർ തുറമുഖ ഓഫിസിൽ പരിശോധന
ബേപ്പൂർ: താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് ബേപ്പൂർ തുറമുഖ കാര്യാലയത്തിൽ പൊലീസ് പരിശോധന. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അരീക്കോട് പൊലീസാണ് പരിശോധന നടത്തിയത്. സി.ഐ എം. അബ്ബാസ് അലി, സി.പി.ഒമാരായ സനൂപ്, വിനോദ്, അനില, സിസിത്ത് എന്നിവർ ഉൾപ്പെടുന്ന സംഘം വിനോദസഞ്ചാര ബോട്ടുകളുടെയും മറ്റ് ജലയാനങ്ങളുടെയും ഫയലുകൾ പരിശോധിച്ചു. തുടർന്ന് സീനിയർ പോർട്ട് കൺസർവേറ്റർ വി.വി. പ്രസാദിൽനിന്ന് വിവരം ശേഖരിച്ചു.
താനൂർ ബോട്ടപകടത്തിൽ സ്വമേധയാ വിഷയം പരിഗണിച്ച ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ മലപ്പുറം കലക്ടറിൽനിന്ന് പ്രാഥമിക റിപ്പോർട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അരീക്കോട് പൊലീസ് ബേപ്പൂർ തുറമുഖ ഓഫിസിലെത്തി രേഖകൾ പരിശോധിച്ചത്.
ഉൾനാടൻ ജലഗതാഗത നിയമപ്രകാരം ബോട്ടുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ ബേപ്പൂർ തുറമുഖത്തെ സീനിയർ പോർട്ട് കൺസർവേറ്ററാണ് സ്വീകരിക്കുക. തുടർന്ന് രജിസ്റ്ററിങ് അതോറിറ്റിയായ ആലപ്പുഴ പോർട്ട് ഓഫിസർക്ക് അയക്കും. രജിസ്റ്ററിങ് അതോറിറ്റിയാണ് ബോട്ട് പരിശോധിക്കാൻ സർവേയറെ ചുമതലപ്പെടുത്തുക. സർവേ റിപ്പോർട്ട് ലഭിക്കുന്നതോടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. എന്നാൽ, താനൂരിൽ അപകടത്തിൽപ്പെട്ട ‘അറ്റ്ലാന്റിക്’ ബോട്ടിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. പൊന്നാനി തുറമുഖത്തിന്റെ കൂടി ചുമതല ബേപ്പൂർ തുറമുഖത്തെ സീനിയർ പോർട്ട് കൺസർവേറ്ററാണ് നിർവഹിക്കുന്നത്. ബേപ്പൂർ പോർട്ട് ഓഫിസറായിരുന്ന ക്യാപ്റ്റൻ അശ്വനി പ്രതാപ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോയതിനെത്തുടർന്ന് ജനുവരി 21നാണ് ക്യാപ്റ്റൻ സിജോ ഗോർഡസ് പോർട്ട് ഓഫിസറായി ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.