താനൂർ കസ്റ്റഡി മരണം: പൊലീസ് ക്വാർട്ടേഴ്സിലെ ഇടിമുറിയിൽ രക്തക്കറ
text_fieldsതാനൂർ: താനൂർ കസ്റ്റഡി മരണത്തിൽ താമിർ ജിഫ്രിയെ ക്രൂരമായി മർദിക്കാൻ ഉപയോഗപ്പെടുത്തിയെന്ന് പറയുന്ന പൊലീസ് ക്വാർട്ടേഴ്സിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തി. എം.ഡി.എം.എ പൊതിയാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പ്ലാസ്റ്റിക് കവറുകളും ഇവിടെനിന്ന് കണ്ടെടുത്തു. തുടർന്ന് അന്വേഷണസംഘം ക്വാർട്ടേഴ്സ് സീൽ ചെയ്തു. ശേഖരിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനക്ക് അയക്കും.
താമിര് ജിഫ്രിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസകോശത്തിൽ നീർക്കെട്ട് വന്നത് പെട്ടെന്നുള്ള മരണത്തിന് കാരണമായെന്നാണ് പറയുന്നത്. ലാത്തിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് മർദിച്ചതായും റിപ്പോർട്ടിലുണ്ട്. ആമാശയത്തിൽനിന്ന് മയക്കുമരുന്നെന്ന് സംശയമുള്ള രണ്ട് പാക്കറ്റുകൾ കണ്ടെത്തിയതായും പോസ്റ്റ്മോര്ട്ടം റിപ്പോർട്ടിലുണ്ട്.
ഹൃദ്രോഗിയായിരുന്ന താമിറിന് ക്രൂരമായ മർദനമേൽക്കേണ്ടിവന്നത് രോഗം മൂർച്ഛിക്കാനിടയാക്കി. തുടർന്ന് ശ്വാസകോശത്തിൽ രക്തസ്രാവം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ ഉണ്ടായിരുന്ന 21 മുറിവുകളിൽ 19ഉം മരിക്കുന്നതിന് തൊട്ടുമുമ്പായി ഉണ്ടായതാണ്. താമിറിന്റെ പുറംഭാഗത്ത് ക്ഷതമേറ്റിട്ടുണ്ട്. കാലിന്റെ അടിഭാഗത്ത് ലാത്തികൊണ്ട് അടിച്ച പാടുകളുണ്ട്. കാൽമുട്ടിനും കൈവിരലുകൾക്കും കൈമുട്ടിനും പരിക്കേറ്റു.
പൊലീസ് അതിക്രൂരമായി മർദിച്ചതിന്റെ മുറിവുകൾ ചിത്രങ്ങൾ സഹിതം വിശദീകരിച്ചുള്ള 13 പേജ് റിപ്പോർട്ടാണ് അന്വേഷണ സംഘത്തിന് കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്രമങ്ങളിലെ വീഴ്ചയും പൊലീസ് രേഖകളിലെ വൈരുധ്യങ്ങളും അവ്യക്തതയും കേസിന്റെ ദുരൂഹത വർധിപ്പിക്കുകയാണ്.
മറ്റൊരാളെ അന്വേഷിച്ചാണ് ഡാൻസാഫ് സംഘം ചേളാരിയിലെ താമിർ താമസിച്ചിരുന്ന മുറിയിൽ എത്തിയതെന്നാണ് പറയപ്പെടുന്നത്. പിന്നീട് താമിറിനെയും കൂടെയുള്ളവരെയും കസ്റ്റഡിയിലെടുത്ത സമയവും സ്ഥലവുമടക്കമുള്ള കാര്യങ്ങളിൽ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയതും എസ്.പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞതും തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് വന്ന സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ള തെളിവുകളും സാക്ഷിമൊഴികളും.
എന്താണ് സംഭവിച്ചത് എന്നതിന്റെ ചുരുക്കംപോലും പൊലീസ് സർജന് പൊലീസ് നൽകിയില്ലെന്നാണ് സൂചന. ഇൻക്വസ്റ്റ് പകര്പ്പ് നൽകാതിരുന്നതും ദുരൂഹത വർധിപ്പിക്കുകയാണ്. ജൂലൈ 31ന് രാത്രി 11.25നും ആഗസ്റ്റ് ഒന്നിന് പുലർച്ച 5.25നും ഇടക്കായിരിക്കണം മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സ്റ്റേഷനിൽ കുഴഞ്ഞുവീണു എന്ന് പറയുന്ന സമയമോ മരിച്ച സമയമോ കൃത്യമായി പൊലീസ് രേഖപ്പെടുത്തിയിരുന്നില്ലെന്നതും കേവല വീഴ്ചയെന്നതിലപ്പുറം തെളിവുകൾ നശിപ്പിക്കാനും കുറ്റവാളികളെ രക്ഷപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുകൂടി സംശയമുയരുന്നുണ്ട്.
താമിറിനെ പൊലീസ് തല്ലിക്കൊല്ലുന്നത് കണ്ടെന്ന് നിർണയക വെളിപ്പെടുത്തൽ
താനൂർ കസ്റ്റഡി മരണത്തിൽ പൊലീസിനെ കൂടുതൽ കുരുക്കിലാക്കി ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ. കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളിലൊരാളാണ് താമിറിനെ മർദിച്ച് കൊലപ്പെടുത്തിയത് നേരിട്ട് കണ്ടുവെന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയത്. താമിർ ജിഫ്രിക്കൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്ത് നിലവിൽ റിമാൻഡിൽ കോഴിക്കോട് സബ് ജയിലിൽ പാർപ്പിച്ച താനൂർ കാട്ടിലങ്ങാടി സ്വദേശി ജബീറാണ് ജയിലിൽ തന്നെ സന്ദർശിച്ച പിതാവ് അബൂബക്കറിനോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
താമിറിന്റെ കൂടെ കസ്റ്റഡിയിലെടുത്ത നാലുപേരെയും സ്റ്റേഷനിൽ നിർത്തിയത് അടിവസ്ത്രം മാത്രം ധരിപ്പിച്ചാണെന്നും താമിറിനെ പൊലീസ് അടിച്ചു കൊന്നതാണെന്നും ജബീർ പിതാവിനോട് പറയുകയായിരുന്നു. താമിറിനെ പൊലീസ് തല്ലി കൊന്നതാണെന്ന് തന്നെയാണ് റിമാൻഡിലുള്ള നാലുപേരും ആവർത്തിക്കുന്നത്. ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കണമെന്ന് കൂടി ഇവർ ആവശ്യപ്പെട്ടതായും ജബീറിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
നേരിട്ടുള്ള ദൃക്സാക്ഷി മൊഴി കൂടി പുറത്തുവരുന്നതോടെ ക്രൂരമായ പൊലീസ് മർദനത്തിനിരയായാണ് താമിർ മരിച്ചതെന്നത് ഉറപ്പിക്കാവുന്ന സാഹചര്യമാണുള്ളത്. തെളിവുകൾ പൂർണമായി പൊലീസിനെതിരാകുന്നതും എഫ്.ഐ.ആറിലും നടപടിക്രമങ്ങളിലും സംഭവിച്ച ഗുരുതര അട്ടിമറികൾ പുറത്തായതും സംഭവത്തിൽ പൊലീസിന്റെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു. ക്രൂരമർദനം നടന്നതിന്റെ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.