താനൂർ കസ്റ്റഡി മരണം: നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി
text_fieldsതിരുവനന്തപുരം: താനൂർ കസ്റ്റഡി മരണത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. മലപ്പുറം എസ്.പിക്ക് കീഴിലുള്ള ഡാൻസാഫിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. താനൂർ എസ്.സി.പി.ഒ ജിനേഷ്, പരപ്പനങ്ങാടി സ്റ്റേഷൻ സി.പി.ഒ ആൽബിൻ അഗസ്റ്റിൻ, കൽപ്പകഞ്ചേരി സി.പി.ഒ അഭിമന്യു, തിരൂരങ്ങാടി സ്റ്റേഷൻ സി.പി.ഒ വിപിൻ എന്നിവരാണ് പ്രതികൾ. നാല് പേരും താമിറിനെ നേരിട്ട് മർദിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
ആദ്യഘട്ട പ്രതിപട്ടികയാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്. ലഹരികേസിൽ പിടിയിലായ താമിർ ജിഫ്രിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദേവ്ധർ ടോൾബൂത്തിനടുത്ത് നിന്നാണ് താനൂർ പൊലീസ് മറ്റ് നാല് പേർക്കൊപ്പം താമിർ ജിഫ്രിയെ കസ്റ്റഡിയിലെടുത്തത്. കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടി മറഞ്ഞു.
18.5 ഗ്രാം എം.ഡി.എം.എയുമായാണ് ഇവരെ പിടികൂടിയത്. പുലർച്ചെ 4.20ഓടെ സ്റ്റേഷനിൽ കുഴഞ്ഞു വീണ താമിറിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. താമിറിന് ക്രൂരമായി മർദനമേറ്റതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.