താനൂർ കസ്റ്റഡി മരണം: കേസ് വഴിതിരിച്ചുവിടാൻ പൊലീസിന്‍റെ ആസൂത്രിത നീക്കം
text_fieldsമലപ്പുറം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണ വാർത്തകൾ വഴിതിരിച്ചുവിടാൻ പൊലീസിന്‍റെ ആസൂത്രിത നീക്കം. പൊലീസ് മെനയുന്ന വാർത്തകൾ ചില മാധ്യമങ്ങളിൽ നൽകി കേസിനെ വഴിതിരിച്ചു വിടാനാണ് നീക്കം. കഴിഞ്ഞ ദിവസം ‘റീ പോസ്റ്റ്മോർട്ടം ആവശ്യപ്പെടാൻ പൊലീസ്’ എന്ന തരത്തിൽ വിവിധ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. വാർത്തയുടെ ഉറവിടം വ്യക്തമാക്കാതെ പൊലീസിൽനിന്നുള്ള സൂചനയെന്ന തരത്തിലാണ് വാർത്തകൾ വന്നത്. എന്നാൽ, ഇത് അന്വേഷണത്തെ വഴിതിരിച്ച് വിടാൻ പൊലീസിലെ ഒരു വിഭാഗം ശ്രമിക്കുന്നതിന്‍റെ ഭാഗമാണെന്നാണ് വിവരം.
താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ പൊലീസ് വീണ്ടും പോസ്റ്റ്മോർട്ടം ആവശ്യപ്പെടുമെന്നും ഫോറൻസിക് സർജൻ നൽകിയ റിപ്പോർട്ട് സംശയമുളവാക്കുന്ന രീതിയിലാണെന്നുമായിരുന്നു വാർത്തകൾ.
ആന്തരികാവയങ്ങളുടെ പരിശോധനഫലം പുറത്തുവരുന്നതിന് മുമ്പേ മരണകാരണം സംബന്ധിച്ച നിഗമനത്തിലേക്ക് ഫോറൻസിക് സർജൻ എത്തിയത് സംശയകരമാണെന്ന് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു.
എന്നാൽ, പൊലീസിലെ ആരാണ് ഇക്കാര്യം അറിയിച്ചതെന്ന് വാർത്തയിൽ പരാമർശമില്ലായിരുന്നു. അതേസമയം താമിർ ജിഫ്രിയുടെ ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പൊലീസ് അവിശ്വാസം രേഖപ്പെടുത്തിയ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കറും പൊലീസിനെതിരെ രംഗത്തുവന്നിരുന്നു.
പോസ്റ്റ്മോർട്ടം കഴിഞ്ഞതിന്‍റെ രണ്ടാം ദിവസം റിപ്പോർട്ട് നൽകിയതാണ്. ഇപ്പോൾ റീ പോസ്റ്റ്മോർട്ടം ആവശ്യപ്പെടുന്നത് തെളിവുകളിൽനിന്ന് രക്ഷപ്പെടാനാണ്. പൊലീസ് പ്രതിയാകുമ്പോൾ മാത്രമാണ് ഇത്തരം ആവശ്യങ്ങൾ ഉയരുന്നത്. പ്രതി പൊലീസാണെന്ന് കരുതി റിപ്പോർട്ട് മാറ്റി എഴുതാനാവില്ലെന്നും ഹിതേഷ് ശങ്കർ വ്യക്തമാക്കിയിരുന്നു.
റീ പോസ്റ്റ്മോർട്ടത്തിന് ആവശ്യപ്പെട്ടിട്ടില്ലെന്ന് അന്വേഷണ സംഘം
മലപ്പുറം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് റീ പോസ്റ്റ്മോർട്ടത്തിന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന കൈബ്രാഞ്ച് അന്വേഷണ സംഘം ‘മാധ്യമ’ത്തോട് പ്രതികരിച്ചു. റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസ് ആവശ്യപ്പെട്ടതായി തങ്ങൾക്ക് വിവരമില്ലെന്നും ഈ ആവശ്യവുമായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം ആരെയും സമീപിച്ചിട്ടില്ലെന്നും ഡിവൈ.എസ്.പി റെജി എം. കുന്നിപറമ്പൻ പറഞ്ഞു.
കേസിൽ ബാക്കിയുള്ള തെളിവെടുപ്പുകൾ അന്വേഷണത്തിന്‍റെ ഭാഗമായി നടക്കുന്നുണ്ട്. കേസ് സി.ബി.ഐക്ക് വിടാനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച കത്ത് ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. നിലവിൽ കേസ് ക്രൈംബ്രാഞ്ച് തന്നെയാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.