താനൂർ കസ്റ്റഡി മരണം: പൊലീസിനെതിരെ പൊലീസ് സർജൻ
text_fieldsതൃശൂർ: മലപ്പുറം താനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡിക്കൊലയിൽ പൊലീസിന് രൂക്ഷ വിമർശനവുമായി ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ. ആദ്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവിശ്വാസം രേഖപ്പെടുത്തി പൊലീസ് റീ പോസ്റ്റ്മോർട്ടം സാധ്യത തേടിയ സാഹചര്യത്തിലാണ് താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ പ്രതികരണം.
താമിര്‍ ജിഫ്രിയുടെ മരണകാരണം ശരീരത്തിലേറ്റ ക്ഷതമെന്ന് ഡോക്ടറെഴുതിയത് തെറ്റാണെന്നും അദ്ദേഹത്തിന്റെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് പൊലീസിന്റെ ന്യായീകരണം. പോസ്റ്റ്മോർട്ടം കഴിഞ്ഞതിന്റെ രണ്ടാം ദിവസം റിപ്പോർട്ട് നൽകിയതാണ്. ഇപ്പോള്‍ റീ പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെടുന്നത് തെളിവുകളില്‍നിന്ന് രക്ഷപ്പെടാനാണെന്നും പൊലീസ് പ്രതി ആകുമ്പോള്‍ മാത്രമാണ് ഇത് സംഭവിക്കുന്നതെന്നും ഡോ. ഹിതേഷ് ശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി പൊലീസാണെന്ന് കരുതി റിപ്പോര്‍ട്ട് മാറ്റി എഴുതാന്‍ താന്‍ പഠിച്ചിട്ടില്ല. ആര് പറഞ്ഞാലും അത് തന്നിൽനിന്നുണ്ടാവില്ല. സത്യസന്ധമായി ജോലി ചെയ്യാൻ പൊലീസ് സമ്മതിക്കുന്നില്ല. ചില പുഴുക്കുത്തുകൾ പൊലീസ് സേനയിൽ ഉണ്ട്. പൊലീസാണ് പ്രതിയെന്ന് താൻ പറഞ്ഞിട്ടില്ല. പൊലീസിന്റേത് പ്രതികാരനടപടിയായി കരുതുന്നില്ല. റീ പോസ്റ്റ്മോർട്ടം വേണമെങ്കിൽ റിപ്പോർട്ട് നൽകിയ അടുത്ത ദിവസം ആവാമായിരുന്നു. 20 ദിവസം കഴിഞ്ഞ മൃതദേഹത്തിൽനിന്ന് എന്ത് കിട്ടാനാണ്. ഓരോ സെക്കൻഡിലും ഓരോ സെൽ നഷ്ടപ്പെടുകയാണ്.
ശാസ്ത്രീയമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. തന്റെ വായടപ്പിക്കാനാണോ പൊലീസ് ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ് തേജോവധം ചെയ്യുകയല്ല വേണ്ടതെന്നും സൂചിപ്പിച്ചു. 2017ലാണ് തന്റെ ബന്ധുവിനെതിരായ കേസ് ഉണ്ടായത്. അന്ന് താൻ ആരുടെയും കാലുപിടിക്കാൻ പോയിട്ടില്ല. ഹൈകോടതി അഞ്ച് വർഷം മുമ്പ് തള്ളിയ കേസിനെക്കുറിച്ച് പൊലീസ് പറയുന്നത് വിലകുറഞ്ഞ ആരോപണമാണെന്നും ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു.
എസ്.പി നേരിൽ വന്ന് കണ്ടു, ആവശ്യപ്പെട്ടത് പറയുന്നില്ല
തൃശൂർ: പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്നതിന് മുമ്പ് മലപ്പുറം എസ്.പി തന്നെ വന്ന് കണ്ടിരുന്നതായി ഡോ. ഹിതേഷ് ശങ്കർ വെളിപ്പെടുത്തി. അദ്ദേഹം എന്ത് ആവശ്യപ്പെട്ടു എന്നത് താൻ പറയുന്നില്ല. പൊലീസ് ഉന്നയിച്ച ആരോപണങ്ങെളക്കാൾ മോശമായി തന്നെ ചിത്രീകരിക്കപ്പെടുമെന്നതിനാലാണ് അത്. പൊലീസ് ഇപ്പോൾ താൻ നൽകിയ റിപ്പോർട്ട് അവിശ്വസിക്കുന്നുവെങ്കിൽ ഇതിനകം ചെയ്ത അയ്യായിരത്തിലധികം പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളെ എന്ത് ചെയ്യും ? അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.