താനൂർ കസ്റ്റഡി മരണം: കേസ് ഇന്ന് സി.ബി.ഐക്ക് കൈമാറിയേക്കും
text_fieldsമലപ്പുറം: താനൂർ കസ്റ്റഡി മരണക്കേസ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൽനിന്ന് സി.ബി.ഐക്ക് കൈമാറുന്നു. വെള്ളിയാഴ്ച രാവിലെ അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട ഫയലുകൾ സി.ബി.ഐ ഉദ്യോഗസ്ഥർക്ക് നൽകുമെന്നാണ് സൂചന. സി.ബി.ഐയുടെ തിരുവനന്തപുരം യൂനിറ്റാണ് കേസ് ഏറ്റെടുക്കുന്നത്. ഫയലുകൾ പരിശോധിച്ച് കേസ് ഏറ്റെടുക്കുന്നതിന്‍റെ നടപടികൾ സി.ബി.ഐ ഉടൻ ആരംഭിക്കുമെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും റിപ്പോർട്ടുകളുമായി വ്യാഴാഴ്ച രാത്രിയാണ് മലപ്പുറത്തുനിന്ന് ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച രാവിലെതന്നെ ബന്ധപ്പെട്ട രേഖകൾ സി.ബി.ഐ ഓഫിസിലെത്തിക്കും. കഴിഞ്ഞ ദിവസം ഹൈകോടതി കേസ് ഉടൻ സി.ബി.ഐ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേസ് കൈമാറാനുള്ള നീക്കങ്ങൾ വേഗത്തിലാക്കിയത്. കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് ആഗസ്റ്റ് ഒമ്പതിന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത്രയും ദിവസം പിന്നിട്ടിട്ടും കാര്യമായ തുടർനടപടി ഉണ്ടാവാത്ത സാഹചര്യത്തിലായിരുന്നു കുടുംബം കോടതിയെ സമീപിച്ചത്.
നേരേത്ത ഹൈകോടതി ഇടപെടലിനു പിന്നാലെ പൊലീസിന്‍റെ ഡാൻസാഫ് സംഘത്തിലെ നാല് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് ക്രെംബ്രാഞ്ച് പ്രതിപ്പട്ടിക സമർപ്പിച്ചിരുന്നു. ഇവരെ ഇതുവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടില്ല. കേസിൽ പ്രതികളായ പൊലീസുകാർ മഞ്ചേരി ജില്ല സെഷൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അപേക്ഷ പരിഗണിക്കുന്നത് ഈ മാസം 20ലേക്ക് മാറ്റിയിട്ടുണ്ട്. കേസ് സി.ബി.ഐ ഏറ്റെടുത്തതിന് ശേഷമായിരിക്കും കോടതി ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുക. കേസ് സി.ബി.ഐ ഏറ്റെടുക്കുന്നപക്ഷം തുടർനടപടി സി.ബി.ഐ കോടതിക്ക് കീഴിലായിരിക്കും പരിഗണിക്കുക. ആഗസ്റ്റ് 26നാണ് അന്വേഷണസംഘം നാല് പൊലീസ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
ജൂലൈ 31നാണ് ലഹരിക്കേസിൽ താമിർ ജിഫ്രിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്നിന് പുലർച്ച കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി മരിച്ചു. താമിറിന്റെ മരണത്തിന് മർദനം കാരണമായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ആന്തരികാവയവ പരിശോധനയിലും വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ട് പൊലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.