താനൂർ കസ്റ്റഡി കൊലപാതകം: സി.ബി.ഐ അന്വേഷണം ഇന്ന് ആരംഭിക്കും
text_fieldsതിരുവനന്തപുരം: താനൂര്‍ കസ്റ്റഡി കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണം ബുധനാഴ്ച ആരംഭിക്കും. ഇതിനായി സി.ബി.ഐയുടെ തിരുവനന്തപുരം യൂനിറ്റ് താനൂരിലെത്തും. ഡിവൈ.എസ്.പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
താമിര്‍ ജിഫ്രിയുടെ സഹോദരന്റെ മൊഴി ബുധനാഴ്ച രേഖപ്പെടുത്തുമെന്നാണ് വിവരം. ഹൈകോടതി ഉത്തരവിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ക്രൈംബ്രാഞ്ചിൽനിന്ന് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ സംഘത്തിന് അന്വേഷണത്തിനും താമസത്തിനും യാത്രക്കുമുള്ള സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന് ഹൈകോടതി കേരള പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറത്ത് ചേളാരിയിൽനിന്ന് ജൂലൈ 31ന് രാത്രിയാണ് താമിർ ഉൾപ്പെട്ട സംഘത്തെ താനൂർ പൊലീസ് പിടികൂടിയത്. ലഹരിമരുന്ന് കൈവശമുണ്ടെന്ന് സംശയിച്ച് പിടികൂടിയ താമിറിനെ പൊലീസ് ക്രൂരമായി മർദിച്ചെന്നും ആഗസ്റ്റ് ഒന്നിന് രാവിലെ ഇയാൾ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടെന്നുമാണ് കേസ്.
താമിറിന്റെ മരണത്തിന് മർദനം കാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ആന്തരികാവയവ പരിശോധനയിലും വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ട് പൊലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്. ഹൈകോടതി ഇടപെടലിനു പിന്നാലെ പൊലീസിന്റെ ഡാൻസാഫ് സംഘത്തിലെ നാല് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് പ്രതിപ്പട്ടിക സമർപ്പിച്ചിരുന്നു.
ഇവരെ ഇതുവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടില്ല. കേസിൽ പ്രതികളായ പൊലീസുകാർ മഞ്ചേരി ജില്ല സെഷൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അപേക്ഷ ബുധനാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.