താനൂർ കസ്റ്റഡിക്കൊല; വിവാദത്തിനിടെ എസ്.പി സുജിത്ദാസ് പരിശീലനത്തിന് ഹൈദരാബാദിലേക്ക്
text_fieldsമലപ്പുറം: താനൂർ കസ്റ്റഡിക്കൊലയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കിടെ മലപ്പുറം എസ്.പി സുജിത്ദാസ് പരിശീലനത്തിന് ഹൈദരാബാദിലേക്ക്. എസ്.പിക്കെതിരെ വിവിധ മേഖലകളിൽ നിന്ന് വിമർശനമുയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് അടുത്ത മാസം നാലു മുതൽ ഹൈദരാബാദ് നാഷണൽ പൊലീസ് അക്കാദമിയിൽ സുജിത്ദാസ് പരിശീലനത്തിന് പോകുന്നത്. പാലക്കാട് എസ്.പി ആര്‍. ആനന്ദിനാണ് മലപ്പുറത്തിന്‍റെ അധിക ചുമതല. സുജിത് ദാസിന് പുറമെ ഐ.പി.എസ് ഉദ്യോഗസ്ഥരായ ചൈത്ര തേരേസ ജോൺ, ജി. പൂങ്കുഴലി, കിരൺ നാരായണൻ എന്നിവർക്കും ഹൈദരാബാദിൽ പരിശീലനമുണ്ട്.
താനൂർ കസ്റ്റഡിക്കൊലയുടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതോടെ എസ്.പി സുജിത്ദാസിനെതിരെ ജനരോഷം ശക്തമായിരുന്നു. നേരത്തെ പല കടുത്ത വിമർശനങ്ങളുയരുമ്പോഴും എസ്.പിയോട് മൃദുസമീപനം സീകരിച്ച മലപ്പുറത്തെ ഉന്നത പ്രതിപക്ഷ രാഷ്ട്രീയനേതാക്കൾ വരെ നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ നടപടികളെ കടുത്ത രീതിയിൽ വിമർശിച്ചുതുടങ്ങിയിരുന്നു.
എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘം പിടികൂടിയ എം.ഡി.എം.എ കേസിലെ പ്രതി താമിർ ജിഫ്രിയുടേത് ക്രൂരമായ കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേസ് താഴെതലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കാൻ ഉന്നത ഉദ്യോഗസ്ഥതലത്തിൽ ഗൂഢാലോചന നടന്നതായി പൊലീസിന്‍റെ തന്നെ വെളിപ്പെടുത്തൽ വന്നിരുന്നു. താമിർ ജിഫ്രിയുടെ ശരീരത്തിൽ പൊലീസ് മർദനത്തിന്‍റേതെന്ന് സൂചനയുള്ള 21 പാടുകളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
മലപ്പുറത്തെ ക്രിമിനൽ കേസുകളുടെ കേന്ദ്രമാക്കി മാറ്റാൻ എസ്.പി ബോധപൂർവം നടപടികൾ സ്വീകരിക്കുന്നു എന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. എസ്.പി ചാർജെടുത്ത ശേഷം കേസുകളുടെ എണ്ണത്തിൽ വന്ന വലിയ തോതിലുള്ള വർധനവാണ് ഇതിന് ആധാരമായ വാദം. എന്നാൽ ഇത് കൂടുതൽ ജനസാന്ദ്രതയുള്ള വലിയ ജില്ലയായതിനാലാണെന്നും നിയമപാലനത്തിൽ വിട്ടുവീഴ്ചയില്ലാത്തയാളായതിനാലാണ് ഇങ്ങനെ ഉണ്ടാവുന്നതെന്നുമായിരുന്നു പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ വിശദീകരണം. എന്നാൽ ഒരേ സംഭവത്തിൽ ഒന്നിലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുന്നു, സ്വാഭാവികമായ പ്രതിഷേധ പരിപാടികൾക്ക് പോലും കടുത്ത വകുപ്പിൽ കേസെടുക്കുന്നു തുടങ്ങിയ ആരോപണങ്ങൾ എസ്.പിക്കെതിരെ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.