താനൂർ ജലദുരന്തം ; ജ.വി.കെ. മോഹനൻ അധ്യക്ഷനായി ജുഡീഷ്യൽ കമീഷൻ
text_fieldsതിരുവനന്തപുരം: മലപ്പുറം താനൂര്‍ തൂവല്‍തീരം ബീച്ചിലുണ്ടായ ബോട്ട് അപകടത്തെക്കുറിച്ച് റിട്ട. ജസ്റ്റിസ് വി.കെ. മോഹനന് ചെയര്‍മാനായ ജുഡീഷ്യല്‍ കമീഷന് അന്വേഷിക്കും. ഇന്‍ലാൻഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യ റിട്ട. ചീഫ് എൻജിനീയര്‍ നീലകണ്ഠന് ഉണ്ണി, കേരള വാട്ടര്‍വേസ് ആൻഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചീഫ് എൻജിനീയര്‍ സുരേഷ് കുമാര്‍ എന്നീ സാങ്കേതിക വിദഗ്ധര്‍ കമീഷന് അംഗങ്ങളായിരിക്കും. മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ചേർന്ന മന്ത്രിസഭ യോഗമാണ് കമീഷനെ തീരുമാനിച്ചത്. പൊലീസ് കംപ്ലയിന്റ് അതോറിറ്റി മുൻ ചെയർമാനാണ് ജസ്റ്റിസ് വി.കെ. മോഹനൻ. സ്വർണക്കടത്ത് കേസ് കാലത്ത് കേന്ദ്ര ഏജന്‍സികളുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാൻ നിയോഗിച്ച കമീഷന്റെ ചെയർമാനായിരുന്നു. ഇതിന്റെ പ്രവർത്തനം പിന്നീട് ഹൈകോടതി മരവിപ്പിച്ചു.
ബോട്ട് ദുരന്തം അന്വേഷിക്കുന്ന കമീഷന്റെ പരിഗണനാ വിഷയങ്ങൾ ഉടൻ തീരുമാനിക്കും. ദുരന്തത്തക്കുറിച്ച് പൊലീസിന്റെ പ്രത്യേക സംഘവും അന്വേഷിക്കുന്നുണ്ട്. ജലഗതാഗത മേഖലയിൽ സുരക്ഷ-നിരീക്ഷണ സംവിധാനം ശക്തമാക്കാനും നിയമലംഘകരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കാനും ധാരണയായിട്ടുണ്ട്.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 10 ലക്ഷം രൂപവീതം ധനസഹായം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.