'കപ്പടിച്ച്' കപ്പ കർഷകർ; വില 40നുമുകളിൽ
text_fieldsകോഴിക്കോട്: മലയാളികൾ ഇനി തെങ്ങും വാഴയും വെട്ടി കപ്പ നടുമോ? കപ്പവില കുതിച്ചതോടെ ഉയരുന്ന ചോദ്യമാണിത്. കപ്പക്ക് കിലോവിന് ഇപ്പോൾ 40 മുതൽ 45 രൂപ വരെയാണ് വില. നാളികേരത്തെ മറികടന്നാണ്, കിലോക്ക് 15 രൂപയുണ്ടായിരുന്ന കപ്പ വില മാസങ്ങൾക്കുള്ളിൽ ഇരട്ടിയിലധികമായത്.
പ്രളയകാലത്തുണ്ടായ കനത്ത നഷ്ടത്തിൽനിന്ന് സാവകാശം തങ്ങൾ കരകയറുകയാണെന്നാണ് കപ്പ കർഷകർ പൊതുവേ പറയുന്നത്. അതേസമയം, ഓൺലൈൻ വ്യാപാര സൈറ്റുകളിൽ വില രണ്ടുകിലോക്ക് 500 രൂപ വരെയാണ്. മികച്ചയിനം എന്നത് നോക്കിയാണ് വില. ഗ്രാമീണ മേഖലയിൽ കോഴിക്കോട്ടെ നന്മണ്ട ഉൾപ്പെടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലൊഴികെ കിലോഗ്രാമിന് 35 മുതൽ 40 രൂപ വരെയും നഗരങ്ങളിൽ 40 മുതൽ 45 രൂപ വരെയുമാണ് നിരക്ക്. നന്മണ്ടയിലേക്ക് കർണാടകയിൽനിന്ന് നേരിട്ടെത്തിക്കുന്നതിനാൽ നാലുകിലോക്ക് 100 രൂപയാണ് ഈടാക്കുന്നത്.
മറ്റു കൃഷികളെ അപേക്ഷിച്ച് കപ്പക്ക് പരിചരണവും വളവും താരതമ്യേന കുറച്ചുമതി. വലിയ മുതൽമുടക്കില്ല എന്നതാണ് ആകർഷണം. 'കപ്പയും മീനും' മലയാളിയുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ്. ഇപ്പോൾ കുറഞ്ഞ വിലക്ക് മത്തിയും അയലയുമടക്കം കിട്ടുന്നതും കപ്പക്ക് നല്ല കാലമായി. ശബരിമല വ്രതകാലമായതിനാൽ കപ്പപ്പുഴുക്കിനും ഹോട്ടലുകളിലടക്കം ആവശ്യക്കാരേറെയാണ്. കാട്ടുപന്നികളുടെയടക്കം ശല്യം വർധിച്ചതോടെ മലയോര മേഖലയിലെ പലരും കപ്പകൃഷിയിൽനിന്ന് താൽക്കാലികമായി വിട്ടുനിന്നതിനാലുള്ള ക്ഷാമവും ഇതര ജില്ലകളിലേക്ക് കപ്പ അയച്ചിരുന്ന മലപ്പുറത്ത് കൃഷി കുറഞ്ഞതുമെല്ലാമാണ് വില കയറാനിടയാക്കിയതെന്നാണ് കച്ചവടക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.