ടാറിന് തീവില; റോഡ് പണികൾ നിലച്ചു
text_fieldsതൃശൂർ: കുതിച്ചുയർന്ന ടാർ വില മൂലം കരാറുകാർ റോഡ് പണികളിൽ നിന്ന് പിന്മാറി. ഒരു വീപ്പ ടാറിന് കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ആയിരം രൂപയോളമാണ് വർധിച്ചത്. ടാറിന് നൽകുന്ന ദർഘാസ് വിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസം തങ്ങൾക്ക് ഭീമമായ നഷ്ടം ഉണ്ടാക്കുന്നതായി കരാറുകാർ പരാതിപ്പെടുന്നു. പെട്രോളിയം ഉല്പന്നങ്ങളുടെ വില അനുസരിച്ചാണ് ടാർ വില വര്‍ധിക്കുന്നത്. വി.ജി.1-30 വിഭാഗത്തിൽപ്പെട്ട ഒരു വീപ്പ ടാറിന് 5,262 രൂപയാണ് കരാറുകാരന് ലഭിക്കുക. വിപണി വില 7,889 രൂപ. വീപ്പയൊന്നിന് 2,627 രൂപ കരാറുകാരൻ ൈകയിൽ നിന്ന് മുടക്കണം.
മറ്റൊരു ഇനം ടാറായ എസ്.എസ് ഒന്നിന് കരാർ വിലയെക്കാൾ വിപണിയിൽ 2,247 രൂപ കൂടുതലാണ്. ആർ.എസ്. ഒന്ന് ടാറിന് ദർഘാസ് വില 5,369 രൂപയും വിപണി വില 9,362 രൂപയുമാണ്. നഷ്ടം നികത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി എടുക്കുന്നില്ലെന്നാണ് കരാറുകാരുടെ പരാതി. ടാര്‍ വിലയുടെ ക്രമാതീതമായ വർധനവ് വിശദീകരിച്ചും പ്രതിസന്ധി അറിയിച്ചും ഗവ. കരാറുകാരുടെ സംഘടന മുഖ്യമന്ത്രിക്കും പൊതുമരാമത്ത്, ധനം മന്ത്രിമാർക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
എസ്റ്റിമേറ്റ് നിരക്കിൽത്തന്നെ പ്രവൃത്തി ചെയ്യണമെന്ന് കർശനമായി നിർദേശിച്ചാൽ, അത് റോഡുകളുടെ ഗുണനിലവാരത്തെ ബാധിക്കും. നഗരസഭകളിലെ പ്രധാന റോഡുകൾ ടെൻഡർ വിളിച്ചിട്ട് എടുക്കാൻ ആളില്ല. ടെൻഡർ ആയ പ്രവൃത്തികൾ തുടങ്ങാനും കരാറുകാർ മടിക്കുന്നു. സർക്കാറിൽനിന്ന് തീരുമാനം ഉണ്ടാവുമെന്നാണ് തദ്ദേശ ഭരണസമിതികളും കരാറുകാരും പ്രതീക്ഷിക്കുന്നത്. പ്ലാൻഫണ്ടിൽ ടാറിന് ഉൾപ്പെടുത്തിയ തുകയെക്കാൾ എത്ര അധികം വേണ്ടിവരുമെന്ന് കണക്കാക്കി, അത് തനത് ഫണ്ടിൽനിന്ന് നൽകാൻ കഴിയുമോ എന്ന ആലോചനകളും തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്നുണ്ട്. അത് പിന്നീട് ഓഡിറ്റ് വിമർശനത്തിന് വഴിവയ്ക്കുമെന്നതിനാൽ തീരുമാനമെടുക്കാനാവാത്ത അവസ്ഥയിലാണ്.
പൊതുമരാമത്ത് നിർമാണ പ്രവൃത്തിയില്‍ ഒരു കോടി രൂപയില്‍ താഴെയുള്ളവയ്ക്ക് ടാര്‍ എടുത്തുകൊടുക്കുമെന്നത് കരാറുകാര്‍ക്ക് ആശ്വാസമാണ്. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളിലെ പ്രവൃത്തികള്‍ക്ക് ടാര്‍ കരാറുകാര്‍ തന്നെ വാങ്ങണം.
പുതിയ റോഡുപണി കരാറുകൾ ഏറ്റെടുക്കാനാവില്ലെന്ന് കരാറുകാർ
ടാർ വില വർധന താങ്ങാനാവാത്ത സാഹചര്യത്തിൽ പുതിയ റോഡുപണി കരാറുകൾ ഏറ്റെടുക്കാനാവില്ലെന്ന് കരാറുകാർ. ഇതോടെ അടിയന്തരമായി തീർക്കേണ്ട റോഡ് നിർമാണ പ്രവൃത്തികൾ നിലച്ചു. പദ്ധതി വിഹിത വിനിയോഗം നടത്താനാവാതെ തദ്ദേശ സ്ഥാപനങ്ങളും വിഷമത്തിലായി.
പ്രളയത്തിൽ റോഡുകൾ തകർന്ന സാഹചര്യത്തിൽ, പദ്ധതിയിൽ റോഡുകൾക്ക് വലിയ പ്രാധാന്യമാണ് നൽകിയത്. മൊത്തം പദ്ധതിത്തുകയുടെ അമ്പത് ശതമാനത്തോളം റോഡ് നിർമാണ പദ്ധതികൾക്കാണ് നീക്കിെവച്ചിട്ടുള്ളത്. ഇതാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. പദ്ധതികൾ മെല്ലെപ്പോകുന്നത് മൊത്തം പദ്ധതി പ്രവർത്തനത്തെ ആകെ ബാധിക്കുമെന്നതാണ് തദ്ദേശ സ്ഥാപനങ്ങളെ വലക്കുന്നത്.
പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനർനിർമാണത്തിനാണ് പ്രധാനമായും ടാർ വില തിരിച്ചടിയാവുന്നത്. വിലവർധനവിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പലയിടത്തും റോഡ് നിർമാണവും അറ്റകുറ്റ പണികളും നിലച്ചിരിക്കുകയാണ്. ക്വാറി ഉൽപന്നങ്ങളുടെയും മറ്റും വില ഉയർന്നു നിൽക്കുന്നതിനിടെയാണ് ടാർ വിലവർധന.
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി നിർമാണങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സർക്കാർ ശ്രമത്തിനിടെ കരാറുകാരുടെ നിസഹകരണം തദ്ദേശ സ്ഥാപനങ്ങളെ ബാധിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.