ഈ മനുഷ്യനെയാണോ സംഘികൾ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നത്? -താര ടോജോ അലക്സ്
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ശരിവെച്ച ഗുജറാത്ത് ഹൈകോടതി വിധിക്ക് പിന്നാലെ ഹരിയാനയിൽ വയലിലും ട്രാക്ടറിലും കർഷകർക്കൊപ്പം നിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ച് യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ്. ‘ഈ മനുഷ്യനെയാണോ സംഘികൾ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ നോക്കുന്നത്? ഇന്ന് ഹരിയാനയിൽ കർഷകർക്കൊപ്പം രാഹുൽ ഗാന്ധി’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
മോദി വിഭാഗത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കുറ്റക്കാരനാണെന്ന വിചാരണ കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ ഹരജി ഇന്നലെയാണ് ഗുജറാത്ത് ഹൈകോടതി തള്ളിയത്. സൂറത്ത് വിചാരണ കോടതിയുടെ തീർപ്പ് ന്യായയുക്തവും നിയമപരവുമാണെന്ന നിരീക്ഷണത്തോടെയാണ് സിംഗിൾ ബെഞ്ച് വിധി. ഈ സാഹചര്യത്തിൽ രാഹുലിന്‍റെ എം.പി സ്ഥാന അയോഗ്യത തുടരും. ഈ മാസം 20ന് തുടങ്ങുന്ന വർഷകാല പാർലമെന്‍റ് സമ്മേളനത്തിലും രാഹുലിന് പങ്കെടുക്കാനാവില്ല.
ഹൈകോടതി വിധിക്കെതിരെ രാഹുൽ സുപ്രീംകോടതിയെ സമീപിക്കും. സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കാതെ തെരഞ്ഞെടുപ്പ് കമീഷൻ വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന് വ്യക്തമല്ല. കമീഷന്‍റെ ഇതുവരെയുള്ള നിലപാടനുസരിച്ച് സുപ്രീംകോടതി തീർപ്പിനുകൂടി കാത്തുനിൽക്കാനാണ് സാധ്യതയേറെ.
അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചതിനെതിരെ രാഹുൽ മുന്നോട്ടുവെച്ച വാദഗതികൾ തീർത്തും അടിസ്ഥാനമില്ലാത്തതാണെന്ന് ജസ്റ്റിസ് ഹേമന്ത് പ്രഛക് നിരീക്ഷിച്ചു. കുറ്റം ചുമത്തൽ സ്റ്റേ ചെയ്യാത്തത് അപേക്ഷകനോടുള്ള അനീതിയായി കാണാനാവില്ല. വിചാരണ കോടതി വിധിക്കെതിരായ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈകോടതിയെ സമീപിച്ചത്.
വാദം പൂർത്തിയായി 66 ദിവസത്തിന് ശേഷം മാത്രം പുറത്തുവരുന്ന വിധിയുടെ ഉള്ളടക്കം അപ്രതീക്ഷിതമല്ലെങ്കിലൂം സമാനതകളില്ലാത്തതാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ബി.ജെ.പിയുടെ പീഡനമുറകൾകൊണ്ട് രാഹുലിനെ തളർത്താനുമാവില്ല. കോടതിവിധിക്കു പിന്നാലെ ഡൽഹിയിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം നടന്നു. മറ്റുള്ളവരെ അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും പതിവാക്കിയ രാഹുലിനെതിരായ കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.