മാലിന്യം അളക്കാൻ തദ്ദേശവകുപ്പ്; നീക്കാൻ സന്നദ്ധസേന
text_fieldsതൃശൂർ: റോഡരികിലും സ്വകാര്യ പറമ്പുകളിലും മറ്റും നിക്ഷേപിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവെടുക്കാൻ തദ്ദേശ വകുപ്പിന് നിർദേശം. ഹൈകോടതി നിർദേശ പ്രകാരം ‘മാലിന്യമുക്ത കേരളം’ കാമ്പയിന്റെ ഭാഗമായി പൊതു ഇടങ്ങളിലും ജല സ്രോതസ്സുകളിലും നിക്ഷേപിക്കപ്പെടുന്ന ഖരമാലിന്യം നീക്കുന്നതിന്റെ ഭാഗമായാണ് കണക്കെടുപ്പ്. മാലിന്യത്തിന്റെ ഏകദേശ അളവ് തിട്ടപ്പെടുത്തി ഈ മാസം 30ന് മുമ്പ് ഭൂമിശാസ്ത്രപരമായ രേഖപ്പെടുത്തൽ (ജിയോ ടാഗ്) പൂർത്തിയാക്കണമെന്നാണ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
ഓരോ തദ്ദേശസ്ഥാപനവും മാലിന്യം നിക്ഷേപിച്ച പൊതു ഇടങ്ങളും ജല സ്രോതസ്സുകളും കണ്ടെത്തി പട്ടിക തയാറാക്കണം. മാലിന്യത്തിന്റെ തോതും സ്വഭാവവും കണക്കാക്കണം. മാലിന്യകൂനകളുടെ വ്യാപ്തി നിശ്ചയിച്ച് ജിയോ ടാഗ് ചെയ്യണം. ഇതിനായി തദ്ദേശ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിക്കണം. ഹെൽത്ത് ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങി പൊതുജനാരോഗ്യ പ്രവർത്തകർ നേതൃത്വം നൽകണം.
വാർഡ് തലത്തിലോ വീടുകളുടെ ക്ലസ്റ്റർ തലത്തിലോ മാലിന്യം നീക്കാനുള്ള ഉപാധി നടപ്പാക്കണം. ഇതിനായി റസിഡന്റ്സ് അസോ., കുടുംബശ്രീ, ആശാപ്രവർത്തകർ തുടങ്ങിയവരടങ്ങുന്ന സന്നദ്ധസേന രൂപവത്കരിച്ച് വിദഗ്ധ തൊഴിലാളികളെ കണ്ടെത്തണം. ഇവർക്ക് ഗ്ലൗസ്, മാസ്ക് എന്നിവ ലഭ്യമാക്കണം.
അജൈവ മാലിന്യങ്ങൾ സൂക്ഷിക്കാൻ ചാക്കുകൾ ഒരുക്കിവെക്കണം. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലെ മാലിന്യക്കൂനകളും നീക്കണം. ശുചിമുറി മാലിന്യം, മൃഗങ്ങളുടെ ശവം എന്നിവ കലർന്നിട്ടുണ്ടെങ്കിൽ ശാസ്ത്രീയമായി കുഴിച്ചിടണം. മാലിന്യം തരംതിരിച്ച് പുനഃചംക്രമണ യോഗ്യമല്ലാത്തവ മാലിന്യനിക്ഷേപ കേന്ദ്രങ്ങളായ എം.സി.എഫ്, ആർ.ആർ.എഫ് എന്നിവിടങ്ങളിലേക്ക് മാറ്റണം. ക്ലീൻ കേരള മിഷനുമായി ബന്ധപ്പെട്ട് ഇവ നീക്കാൻ നടപടി സ്വീകരിക്കണം. നീക്കുന്ന പ്രവർത്തനത്തിന് തദ്ദേശസ്ഥാപനങ്ങൾക്ക് നിശ്ചയിച്ച നിരക്ക് അനുവദിക്കണം.
പൊതു ഇടങ്ങളിലെ മാലിന്യകൂനകളും ജലസ്രോതസ്സിലെ മാലിന്യവും പൊതുജന ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ ചിത്രസഹിതം അയക്കാൻ തദ്ദേശ സ്ഥാപനം വാട്സ് ആപ് നമ്പർ പ്രദർശിപ്പിക്കണം. മാലിന്യം നീക്കം ചെയ്ത ഇടങ്ങൾ ചെടികളും മരങ്ങളും വെച്ചു പിടിപ്പിച്ച് പച്ചതുരുത്ത്, പൂന്തോട്ടങ്ങൾ, പാർക്ക്, മുതിർന്ന പൗരന്മാർക്ക് തണലിടങ്ങൾ എന്നിവക്കായി ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.