റെയിൽവേയുടെ കനിവ് കാത്ത്
text_fieldsപട്ടാമ്പി: ലെവൽ ക്രോസ് വിമുക്ത കേരളത്തിന് റെയിൽവേ ‘ക്രോസ്’. സമഗ്രവികസനത്തിന് തടസ്സരഹിത റോഡ് ശൃംഖല എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വാടാനാംകുറുശ്ശിയിൽ അനുവദിച്ച റെയിൽവേ മേൽപ്പാലത്തിനാണ് റെയിൽവേ തടസ്സമാവുന്നത്. 2022ൽ പൂർത്തിയാക്കേണ്ട പാലം 2024ലും യാഥാർഥ്യമാകുമോ എന്ന ആശങ്കയാണുള്ളത്. കിഫ്ബി പദ്ധതിയിലുള്ള നിർദിഷ്ട പ്രവൃത്തികൾ ഏറെയും കഴിഞ്ഞെങ്കിലും റെയിൽവേയുടെ ഉദാസീനത കൊണ്ട് മാത്രം ഉദ്ഘാടനം നീണ്ടുപോവുകയാണ്. റെയിൽവേ ചെയ്തുതീർക്കേണ്ടത് തീർത്താൽ മൂന്നു മാസം കൊണ്ട് പാലം നാടിന് സമർപ്പിക്കാനാവുമെന്നാണ് കഴിഞ്ഞ ദിവസം പട്ടാമ്പിയിൽ നടന്ന അവലോകനയോഗത്തിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞത്. 2016ലാണ് സർക്കാർ പാലത്തിന് അനുമതി നൽകിയത്.
നിർമാണച്ചുമതല ഏൽപ്പിച്ച ആർ.ബി.ഡി.സി.കെ. സാങ്കേതികപഠനം നടത്തി സമർപ്പിച്ച പദ്ധതി രേഖക്ക് കിഫ്ബി അംഗീകാരമായത് അഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷം. 2021 ജനവരിയിൽ ഉത്സവച്ഛായയിൽ രാജ്യത്തെ മറ്റു മേൽപാലങ്ങൾക്കൊപ്പം ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നടത്തി. ഒരു വർഷമാണ് നിർമ്മാണ കാലാവധി നൽകിയത്. ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി ഇത് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ 2022 ൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല 2024 ജനവരി അടുക്കുമ്പോഴും അനിശ്ചിതത്വമാണുള്ളത്.
മാസങ്ങൾക്ക് മുമ്പ് ഡിസംബറിൽ പൂർത്തിയയാക്കുമെന്ന് പ്രഖ്യാപിച്ച എം.എൽ.എ കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തിൽ റെയിൽവേയുടെ പ്രവൃത്തി നടക്കാനുണ്ടെന്നാണ് പറഞ്ഞത്. ഒരു പ്രദേശത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ് റെയിൽവേയുടെ അലംഭാവം കൊണ്ട് അകന്നുപോവുന്നത്. റെയിൽവേ ലൈനിനു മുകളിലൂടെയുള്ള രണ്ടു തൂണുകളും സ്പാനുമാണ് നിർമിക്കാനുള്ളത്. ഈ പ്രവൃത്തി നടന്നാലും മൂന്നു മാസത്തെ കാത്തിരിപ്പ് വേണം മറ്റു അനുബന്ധ പ്രവൃത്തികളുടെ പൂർത്തീകരണത്തിന്.
തിരക്കേറിയ പട്ടാമ്പി-കുളപ്പുള്ളി റോഡിൽ വാടാനാംകുറുശ്ശി റെയിൽവേ ഗേറ്റ് നിരന്തരം ഗതാഗത തടസ്സമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മേൽപ്പാലം എന്ന ആശയം ബലപ്പെട്ടത്. നിലമ്പൂർ-ഷൊർണൂർ ട്രെയിനുകൾക്കായി ഗേറ്റ് അടച്ചിടുമ്പോൾ അത്യാസന്ന രോഗികളുമായി ഓടുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുക്കിലകപ്പെടുന്നത് പതിവ് കാഴ്ചയായിരുന്നു. ഗേറ്റ് ഒഴിവാക്കി സുഗമമായ ഗതാഗതം ഉറപ്പു വരുത്തുന്നതാണ് റോഡിന് സമാന്തരമായി 680 മീറ്റർ നീളത്തിൽ 13 തൂണുകളിലായുള്ള റെയിൽവേ മേൽപ്പാലം. 32.49 കോടി രൂപ നിർമാണച്ചെലവുള്ള പാലത്തിന് 10.15 വീതിയും നടപ്പാതയും ഉണ്ട്.
17 ഭൂവുടമകളിൽ നിന്ന് 42.70 ആർ സ്ഥലം ഏറ്റെടുത്താണ് ചിരകാലാവശ്യം നിറവേറ്റിയത്. റെയിൽവേയുടെ ഭാഗത്തുനിന്നുള്ള പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കാൻ വേണ്ട സമ്മർദം ചെലുത്തി കാലതാമസം കൂടാതെ പാലം നാടിന് സമർപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.