വി.എം. സുധീരൻ രാജിവച്ച സാഹചര്യം പരിശോധിക്കും -താരിഖ് അൻവർ
text_fieldsനെടുമ്പാശേരി: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും വി.എം. സുധീരൻ രാജിവയ്ക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. രാജി സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്‍റുമായും വി.എം. സുധീരനുമായും ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനയ്യ കുമാറിനേയേയും ജിഗ്നേഷ് മേവാനിയേയും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഇവരുടെ വരവ് കോൺഗ്രസിന് ഏറെ ഗുണം ചെയ്യും. എല്ലാ മുതിർന്ന നേതാക്കളെയും സഹകരിപ്പിച്ചായിരിക്കും സംസ്ഥാന കോൺഗ്രസ് മുന്നോട്ട് നീങ്ങുക. ചില നേതാക്കൾ കോൺഗ്രസ് വിട്ടത് കാര്യമാക്കുന്നില്ല. അധികാരമുള്ള പാർട്ടിയിലേക്ക് ചിലർ കൂറുമാറുകയെന്നത് പലയിടത്തുമുണ്ട്. രണ്ടുദിവസം തങ്ങി ഇവിടത്തെ നേതാക്കളുമായി സംഘടനാ കാര്യങ്ങൾ വിശദമായി തന്നെ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വി.എം.സുധീരന്‍റെ രാജിയുടെ കാരണമെന്തെന്ന് അറിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പ്രതികരിച്ചു. ഫോണിലൂടെ രാജിവെക്കുകയാണെന്ന് സുധീരൻ അറിയിച്ചു. എന്നാൽ, അതിന്‍റെ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല.
സുധീരന്‍റെ കത്ത് ഓഫിസിൽ ലഭിച്ചിട്ടുണ്ട്. അത് നോക്കിയ ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്താം. സുധീരനുമായി ചർച്ചയുണ്ടാവുമോയെന്ന ചോദ്യത്തിന് കത്ത് േനാക്കിയ ശേഷം പ്രതികരിക്കാമെന്നായിരുന്നു സുധാകരന്‍റെ മറുപടി. പുനഃസംഘടനയടക്കമുള്ള വിഷയങ്ങളിൽ ചർച്ചയാകാമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് തവണ ഇക്കാര്യത്തിൽ വി.എം. സുധീരനുമായി ചർച്ച നടത്തിയിരുന്നു.
ആവശ്യത്തിന് ചർച്ചകൾ ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നുണ്ട്. യോഗത്തിന് വിളിച്ചാൽ ചില നേതാക്കൾ എത്താറില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ ഫോണെടുക്കാത്തതിനാൽ അദ്ദേഹവുമായി ഇപ്പോൾ സംസാരിക്കാറില്ലെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിലെ മാറ്റത്തെ താഴെതട്ടിലുള്ള പ്രവർത്തകർ സ്വീകരിച്ചുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.