കേരളത്തിലെ കോൺഗ്രസിൽ അഴിച്ചുപണി വൈകരുതെന്ന് താരിഖ് അൻവർ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിൽ മാറ്റങ്ങൾ അനിവാര്യമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പെടുന്ന കൂട്ടായ നേതൃത്വം പാർട്ടിയെ നയിക്കുമെന്നും ചാനൽ അഭിമുഖത്തിൽ താരിഖ് അൻവർ വ്യക്തമാക്കി.
കേരളത്തിലെ കോൺഗ്രസിന് നിലവിലെ രീതിയിൽ മുന്നോട്ടു പോകാനാവില്ല. തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ മാറ്റങ്ങൾ അനിവാര്യമാണ്. ഇപ്പോൾ തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ ആശയകുഴപ്പം വ്യക്തമാണ്. ഒരു വിഷയത്തിൽ നേതാക്കൾ പലതരം നിലപാടുകൾ സ്വീകരിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും ഹൈക്കമാൻഡിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പല കാരണങ്ങളാൽ ക്രൈസ്തവ, മുസ് ലിം വോട്ട് ബാങ്കുകൾ യു.ഡി.എഫിൽ നിന്ന് അകന്നു. അവരെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ സംഘടനാ തലത്തിൽ സ്വീകരിക്കണം. ജില്ലാ, മണ്ഡലം, ബ്ലോക്ക് തലത്തിൽ അഴിച്ചുപണി വേണം. ഇതിനുള്ള നടപടികൾ വേഗത്തിലാവണം. വയനാട് എം.പി എന്ന നിലയിൽ കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളിൽ രാഹുൽ ഗാന്ധി ശ്രദ്ധിക്കണം. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം 0.9 ശതമാനം മാത്രമാണ്. യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ നിശ്ചയിക്കരുത്. കഴിവുള്ളവരെ കണ്ടെത്തി അവർക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവസരം നൽകണം. അതിനുള്ള സംവിധാനം പാർട്ടി രൂപീകരിക്കണം. മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന് ഇപ്പോൾ പറയാനാകില്ല. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കില്ല. കൂട്ടായ നേതൃത്വത്തെ മുന്നോട്ടുവെക്കും. മുഖ്യമന്ത്രി ആരാകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും താരിഖ് അൻവർ ചൂണ്ടിക്കാട്ടുന്നു.
ജനുവരി നാല്, അഞ്ച് തീയതികളിൽ താരിഖ് അൻവർ വീണ്ടും കേരളത്തിലെത്തും. പോഷക സംഘടനകളുടെയും താഴേത്തട്ടിലെയും മാറ്റങ്ങൾ തീരുമാനിക്കും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതിക്ക് ശേഷം കേരളത്തിലെ നേതാക്കളുടെ നിലപാട് ആരായും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.