വിവേകാനന്ദന്റെ തുടിക്കുന്ന ഹൃദയവുമായി തസ്നീം വീട്ടിലേക്ക്
text_fieldsകോഴിക്കോട്: വിവേകാനന്ദന്റെ ഹൃദയത്തുടിപ്പുമായി തസ്നീം ആശുപത്രി വിടുമ്പോൾ നിറകണ്ണുകളോടെ യാത്രയാക്കാൻ വിവേകാനന്ദന്റെ കുടുംബവുമെത്തി.
ജനുവരി ഏഴിന് ബൈക്ക് അപകടത്തെ തുടർന്ന് മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെന്ററിൽ പ്രവേശിപ്പിച്ച പന്തീരാങ്കാവ് സ്വദേശി വിവേകാനന്ദന് മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. തുടർന്ന് അവയവദാനത്തിന് സന്നദ്ധമാണെന്ന കുടുംബത്തിന്റെ തീരുമാനം ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയത് തസ്നീം അടക്കം മൂന്ന് ജീവനുകളാണ്. വിവേകാനന്ദന്റെ ഹൃദയം, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് സർക്കാറിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ ദാനംചെയ്തത്.
ജനുവരി 10ന് ഹൃദയം മാറ്റിവെച്ച മലപ്പുറം പടപ്പറമ്പ് സ്വദേശി കെ. തസ്നീം പൂർണ ആരോഗ്യവാനായാണ് ശനിയാഴ്ച ആശുപത്രി വിട്ടത്. തനിക്ക് പുതുജീവൻ സമ്മാനിച്ച വിവേകാനന്ദന്റെ കുടുംബത്തിനും ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. നന്ദകുമാർ അടക്കം മുഴുവൻ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും തസ്നീം നന്ദി പറഞ്ഞു.
വികാരനിർഭര ചടങ്ങിന് സാക്ഷികളാവാൻ ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻറ് ശാരുതി, വൈസ് പ്രസിഡന്റ് ജയപ്രശാന്ത് എന്നിവരും വിവേകാനന്ദന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. ആശുപത്രി ചെയർമാൻ ഡോ. പി.പി. മുഹമ്മദ് മുസ്തഫ സ്വാഗതം പറഞ്ഞു. ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ചീഫ് കാർഡിയാക് ആൻഡ് ട്രാൻസ്പ്ലാന്റ് സർജൻ ഡോ. വി. നന്ദകുമാർ, ഡോ. അബ്ദുൽ റിയാദ്, ഡോ. ജനീൽ, ഡോ. ജലീൽ, ഡോ. അശോക് ജയരാജ്, ഡോ. വിനോദ്, ഡോ. ലക്ഷ്മി കാർഡിയോളജിസ്റ്റുമാരായ ഡോ. മുഹമ്മദ് ഷാലൂബ്, ഡോ. അരുൺ ഗോപി, ഡോ. ഗിരീഷ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.