ടാറ്റൂ ആർട്ടിസ്റ്റ് പീഡനക്കേസിൽ പരാതിപ്പെടാൻ മടിക്കേണ്ടെന്ന് വനിത കമീഷൻ
text_fieldsതിരുവനന്തപുരം: ടാറ്റൂ ആർട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന കേസിൽ പരാതിപ്പെടാൻ മടിക്കേണ്ടെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. കേസിൽ പൊലീസ് ശക്തമായ നടപടി ഉറപ്പ് തന്നിട്ടുണ്ടെന്നും സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.
ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കൊച്ചിയിലെ ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനെതിരെ ഏഴ് പേരാണ് പരാതി നൽകിയത്. ബംഗ്ലുരുവിൽ താമസിക്കുന്ന മലയാളിയാണ് വെള്ളിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ഇമെയിൽ വഴി അവസാനമായി പരാതി നൽകിയത്.
ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവ ആരോപിച്ച് ഇന്നലെ കൊച്ചി കമീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി യുവതികള്‍ പരാതി നല്‍കിയിരുന്നു.
ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നു പറഞ്ഞത്. യുവതിയുടെ ആരോപണത്തിന് പിന്നാലെ മറ്റുള്ളവരും പരാതിയുമായി രംഗത്ത് വന്നു.
സുജീഷിന്‍റെ ഉടമസ്ഥതത്തിലുള്ള ഇൻക്ഫെക്ടഡ് എന്ന സ്ഥാപനത്തിന്‍റെ ആലിൻ ചുവട്, ചേരാനല്ലൂർ കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇന്ന് യുവതികളുടെ താമസസ്ഥലത്തെത്തി പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തും.
പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി 'വയാ കൊച്ചി' എന്ന കൂട്ടായ്മയും രംഗത്തുണ്ട്. നിയമനടപടികളിലും മറ്റും യുവതികളോടൊപ്പം ഉണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതേസമയം, പീഡന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഒളിവിൽ പോയ സൂജീഷിനായി സിറ്റി പൊലീസിന്‍റെ ഷാഡോ സംഘം തെരച്ചില്‍ ഊർജിതമാക്കി.
നാലായിരം യുവതികൾക്ക് പ്രതി ഇന്നർ ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പീഡനാരോപണത്തിൽ അഞ്ച് കേസുകളാണ് സൂജീഷിനെതിരെ ചുമത്തിയിട്ടുള്ളത്. ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് പീഡന കേസുകളും പലാരിവട്ടം പൊലീസ് സ്റ്റേഷനിൽ മൂന്ന് പീഡനശ്രമക്കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.