കനത്ത മഴയും കടൽക്ഷോഭവും; പ്രളയ സാധ്യത മുന്നറിയിപ്പ്
text_fieldsതിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ടൗേട്ട ചുഴലിക്കാറ്റായി മാറി. സംസ്ഥാനത്ത് അതിശക്തമായ മഴക്ക് പുറമെ കടലാക്രമണവും രൂക്ഷമാണ്. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദേശം നൽകി. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. ഡാമുകൾ തുറന്നതോടെ മിക്ക നദികളുടെയും ജലനിരപ്പ് ഉയർന്നു.
പത്തനംതിട്ട കല്ലൂപ്പാറ സ്റ്റേഷനിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാൽ മണിമലയാറിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തുമ്പമൺ സ്റ്റേഷനിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാൽ അച്ചൻകോവിലാറിലും പ്രളയ മുന്നറിയിപ്പ് നൽകി. കേന്ദ്ര ജലകമ്മീഷേന്റതാണ് മുന്നറിയിപ്പ്. മണിമലയാർ, അച്ചൻകോവിലാർ എന്നിവയുടെ കരകളിൽ വസിക്കുന്നവർ അതീവ ജാഗ്രത പാലിക്കാനാണ് നിർദേശം.
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റു ജില്ലകളിൽ ഒാറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ലക്ഷദ്വീപിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഗുജറാത്ത്, ദിയു തീരങ്ങൾക്കാണ് പ്രത്യക്ഷത്തിൽ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ ലക്ഷദ്വീപിന് സമീപമാണ് ചുഴലിക്കാറ്റ്. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവിൽ ന്യൂനമർദത്തിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എങ്കിലും ന്യൂനമർദത്തിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് അടുത്ത് നിൽക്കുന്നതിനാൽ മെയ് 15 മുതൽ 16 വരെ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Live Updates
- 15 May 2021 8:32 AM IST
കേരള തീരത്ത് കടലാക്രമണം ശക്തമാകുന്നു. കേരള -ലക്ഷദ്വീപ് കപ്പൽ ഗതാഗതം പൂർണമായി നിർത്തിവെച്ചു
- 15 May 2021 8:10 AM IST
വലിയ തുറ കടൽ പാലം ചരിഞ്ഞു
ശക്തമായ കടലാക്രമണം മൂലം വലിയ തുറ കടൽ പാലം ചരിഞ്ഞു. അപകട സാധ്യതയുള്ളതിനാൽ ഗേറ്റ് പൂട്ടി. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു.
- 15 May 2021 8:08 AM IST
കട്ടപ്പന: കാൽവരി മൗണ്ട്, എട്ടാംമൈൽ, പത്താംമൈൽ മേഖലകളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം. വീടുകളും നശിച്ചു. കാൽവരിമൗണ്ട് ൽ സ്കൂൾ കെട്ടിടത്തിന്‍റെ ഷീറ്റുകൾ പറന്നു പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.