ടൗട്ടെ: കേരളത്തിൽ കടലാക്രമണം തുടരും
text_fieldsതിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അതിതീവ്രത കൈവരിച്ച് കരതൊട്ടു. തിങ്കളാഴ്ച രാത്രിയോടെയാണ് ഗുജറാത്തിലെ പോർബന്ദർ, മഹുവ (ഭാവ്നഗർ ജില്ല) തീരങ്ങൾക്കിടയിലൂടെ ദിയുവിന് കിഴക്ക് ദിശയിലൂടെ 185 കിലോമീറ്റർവരെ വേഗത്തിൽ ചുഴലി ഗുജറാത്തിലേക്ക് പ്രവേശിച്ചത്.
ചുഴലിക്കാറ്റിെൻറ പ്രഭാവത്തിൽനിന്ന് കേരളം മുക്തമായെങ്കിലും തീരപ്രദേശങ്ങളിൽ ശക്തമായ തിരലമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരളതീരത്തുനിന്ന് കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് 14,444.9 ഹെക്ടര് കൃഷി നശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 310.3 കിലോമീറ്റര് എൽ.എസ്.ജി.ഡി റോഡ് തകര്ന്നു. 34 അങ്കണവാടികൾ, 10 സ്കൂൾ, 11 പ്രാഥമികാരോഗ്യകേന്ദ്രങ്ങള് എന്നിവക്ക് നാശനഷ്ടമുണ്ടായി. 1464 വീട് ഭാഗികമായും 68 എണ്ണം പൂര്ണമായും തകര്ന്നു. 175 ദുരിതാശ്വാസ ക്യാമ്പുകളിലായി 1479 കുടുംബങ്ങളിൽപെട്ട 5235 പേരുണ്ട്. ഇവരില് 2034 പുരുഷന്മാരും 2191 സ്ത്രീകളും 1010 കുട്ടികളുമാണ്. ഏറ്റവും കൂടുതല് പേർ എറണാകുളത്തും തിരുവനന്തപുരത്തുമാണ്- 1427ഉം 1180ഉം പേര് വീതം. മഴക്കെടുതിയില് തിരുവനന്തപുരത്തും കോഴിക്കോട്ടും രണ്ടുപേര് വീതവും ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില് ഓരോരുത്തരുമാണ് മരിച്ചത്.
നിര്മാണം പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്ത് കടല്ക്ഷോഭം കനത്ത നാശമാണ് ഉണ്ടാക്കിയത് . തുറമുഖത്തിനായുള്ള പുലിമുട്ടിെൻറ കല്ലുകള് ഒലിച്ചുപോയി. ഏകദേശം 175 മീറ്റര് സ്ഥലത്തെ പുലിമുട്ടാണ് കടലെടുത്തത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഇന്ന് യെല്ലോ അലർട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.