നികുതി കുടിശ്ശിക: ഇൻഡിഗോയുടെ രണ്ടു ബസുകൾക്കു കൂടി നോട്ടീസ്
text_fieldsഫറോക്ക് (കോഴിക്കോട്): നികുതി കുടിശ്ശിക വരുത്തിയതിന് ഇൻഡിഗോ വിമാനക്കമ്പനിയുടെ രണ്ട് ബസുകൾക്കു കൂടി നോട്ടീസ്. ഫറോക്ക് ചുങ്കത്തെ അശോക ലയ്‍ലൻഡ് സർവിസ് സെൻററിലുള്ള ബസുകൾക്കാണ് ബുധനാഴ്ച ട്രാൻസ്പോർട്ട് വിഭാഗം നോട്ടീസ് നൽകിയത്.
ഇവക്കും മൂന്നാം ഘട്ടത്തിലെ നികുതിയും പിഴയും ചേർത്ത് ആകെ 1,27,216 രൂപ അടക്കാനുണ്ട്. നികുതി അടക്കാത്തതിന് ചൊവ്വാഴ്ച ഒരു ബസ് പിടികൂടിയിരുന്നു.
മൂന്ന് ബസുകൾക്കുംകൂടി ആകെ രണ്ട് ലക്ഷത്തിനടുത്ത് നികുതി ഇനത്തിൽ ഇൻഡിഗോ അടക്കാനുണ്ട്. ഈ ബസുകളെല്ലാം കരിപ്പൂർ വിമാനത്താവളത്തിൽ സർവിസ് നടത്തുന്നവയാണ്.
അതേസമയം, ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത ബസിന്റെ നികുതി ബുധനാഴ്ച വൈകുന്നേരത്തോടെ അടച്ചു. പിഴയും മൂന്നാംഘട്ടത്തിലെ തുകയും അടച്ചാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബസ് വിട്ടുനൽകുമെന്ന് ഫറോക്ക് ജോയന്റ് ആർ.ടി.ഒ ഷാജു ബക്കർ അറിയിച്ചു. നികുതി ഇനത്തിൽ രണ്ടുഘട്ടത്തിലെ 41,108 രൂപയാണ് അടച്ചത്. പിഴ 7,500 രൂപയും മൂന്നാംഘട്ടത്തിലെ 15,000 രൂപയും കൂടി ആകെ 63,608 രൂപ അടച്ചാൽ മാത്രമേ ബസ് വിട്ടുനൽകുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.