നികുതി കുടിശ്ശിക വരുത്തി ബാറുകൾ, പിരിക്കാതെ സർക്കാറും
text_fieldsകോട്ടയം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴും ബാറുകളുടെ നികുതി കുടിശ്ശിക ഈടാക്കാൻ നടപടി സ്വീകരിക്കാതെ സർക്കാർ. നികുതി കുടിശ്ശിക വരുത്തിയ 606 ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
ആകെയുള്ള 801 ബാറുകളിൽ 75 ശതമാനത്തിലധികം ബാറുകളും കുടിശ്ശികക്കാരാണ്. അതിന് പുറമെ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാത്ത ബാറുകളും നിരവധി. ഇത്തരത്തിലുള്ള 198 ബാർ ഹോട്ടലുകളുണ്ടെന്നാണ് കണക്ക്.
കോട്ടയം ജില്ലയിലാണ് നികുതി കുടിശ്ശിക വരുത്തിയ ബാർ ഹോട്ടലുകൾ കൂടുതൽ. നികുതി റിട്ടേൺ യഥാസമയം ഫയൽ ചെയ്യാത്തവ കൂടുതൽ തൃശൂരിലാണ്. നിയമപ്രകാരം എല്ലാ മാസവും റിട്ടേൺ ഫയൽ ചെയ്യണമെന്നാണ് വ്യവസ്ഥ. അത് കൃത്യമായി പരിശോധിക്കണമെന്നുണ്ട്. വർഷാവസാനം വാർഷിക റിട്ടേണും ഫയൽ ചെയ്യേണ്ടതുണ്ട്. എന്നാൽ ഇതൊന്നും പാലിക്കുന്നില്ലെന്നാണ് നടപടികൾ വ്യക്തമാക്കുന്നത്.
സംസ്ഥാന ഖജനാവിലേക്ക് വലിയ വരുമാനം ലഭിക്കുന്നത് ബാറുകളിൽ നിന്നായിട്ടും നികുതി ഈടാക്കാതെ അവർക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് മതിയായ സൗകര്യങ്ങളില്ലാത്തവ ഉൾപ്പെടെ ബാറുകൾ അടച്ചുപൂട്ടിയിരുന്നു. എന്നാൽ എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ എട്ട് വർഷത്തിനിടെ 297 പുതിയ ബാർ ലൈസൻസുകളാണ് അനുവദിച്ചത്.
അടച്ചുപൂട്ടിയവ ഉൾപ്പെടെ 475 ബിയർ ആന്റ് വൈൻ പാർലറുകൾക്കും ബാർ ലൈസൻസ് പുതുക്കി നൽകുകയും ചെയ്തു. ഇതോടെ ബാറുകളുടെ എണ്ണം 801 എന്ന റെക്കോഡിലുമെത്തി.
നികുതി കുടിശ്ശിക വരുത്തിയതിനാൽ ബാറുകൾക്ക് മദ്യം നൽകുന്നത് നിർത്തണമെന്ന് ചരക്കുസേവന നികുതി വകുപ്പ് 2023 സെപ്റ്റംബർ 27ന് ബിവറേജസ് കോർപറേഷന് കത്തു നൽകിയിരുന്നു. എന്നാൽ ആ കത്തിനെതിരെ ചില ഹോട്ടലുകൾ ഹൈകോടതിയെ സമീപിച്ചു. കോടതിയുടെ ഇടപെടലുണ്ടായത് ബാറുടമകൾക്ക് ഗുണകരമായി. കത്തിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടെന്നും ചില കേസുകളിൽ ചരക്കു സേവന നികുതി വകുപ്പിന്റെ നിർദേശം അനുസരിച്ച് തീരുമാനം എടുക്കാമെന്നും ഹൈകോടതി നിർദേശിച്ചു.
ബാർ ഹോട്ടലുകൾക്ക് മദ്യം നൽകാതിരിക്കുന്നത് സർക്കാറിന് നികുതി നഷ്ടമുണ്ടാക്കുമെന്ന് കാണിച്ച് ബിവറേജസ് കോർപറേഷൻ എം.ഡി നികുതി വകുപ്പിന് 2023 ഒക്ടോബറിൽ കത്തു നൽകി. അങ്ങനെ നികുതി പിരിവ് ഇഴഞ്ഞു തുടങ്ങിയത് ബാറുകൾക്ക് സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.