മെഡിക്കൽ ഷോപ്പുകളിൽ നികുതി വകുപ്പ് പരിശോധന; ബില്ല് നൽകാതെ കച്ചവടം നടത്തിയവർക്ക് 20,000 രൂപ പിഴ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിലും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 166 പേർക്ക്പിഴ ചുമത്തി. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വിൽപ്പനയിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഒക്ടോബർ, നവംബർ മാസങ്ങളിൽ സംസ്ഥാന വ്യാപകമായി നടത്തിയ 339 ടെസ്റ്റ് പർച്ചേസുകളിലാണ് ബില്ല് നൽകാതെ കച്ചവടം നടത്തിയ 166 കേസുകൾ പിടികൂടിയത്. ബില്ല് നൽകാതെ കച്ചവടം നടത്തിയ വ്യാപാരികൾക്ക് 20,000 രൂപ വീതം പിഴ ചുമത്തി. 166 കേസുകളിൽനിന്ന് 33.2 ലക്ഷം രൂപ പിഴയായി ഈടാക്കി.
ബില്ല് നൽകാതെയുള്ള വിൽപ്പന, പരമാവധി വിൽപ്പന വിലയേക്കാൾ ഉയർന്ന വില ഈടാക്കൽ തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. സർജിക്കൽ ഉപകരണങ്ങൾ, വികലാംഗർക്കുള്ള ഉപകരണങ്ങൾ, പൾസ് ഓക്‌സിമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ എന്നീ ഉൽപ്പന്നങ്ങളുടെ വിപണനത്തിലാണ് കൂടുതൽ ക്രമക്കേട് നടക്കുന്നതായി കണ്ടെത്തിയത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമീഷണർ രത്തൻ യു. കേൽക്കർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.