കോഴിക്കോട് മിഠായിത്തെരുവില്‍ കോടികളുടെ നികുതിവെട്ടിപ്പ്; റെയ്ഡിനെത്തിയ ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരെ കച്ചവടക്കാർ തടഞ്ഞു
text_fieldsകോഴിക്കോട്: കോടികളുടെ നികുതിവെട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധനക്കെത്തിയ ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരെ കച്ചവടക്കാർ തടഞ്ഞു. കോഴിക്കോട് മിഠായി തെരുവിലാണ് സംഭവം. റെയ്ഡിൽ 27 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് ജി.എസ്.ടി ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മീഷണർ ടി.എ.അശോകൻ പറഞ്ഞു. പരിശോധനകൾ പൂർത്തിയാക്കിയാലേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകൂവെന്നും അദ്ദേഹം പറഞ്ഞു. 20 കടകളിലാണ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളുടെ ജി.എസ്.ടി റജിസ്ട്രേഷൻ റദ്ദാക്കിയേക്കും.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും ചരക്കുവാങ്ങിയതായി വ്യാജരേഖ സൃഷ്ടിച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്. ചരക്ക് വാങ്ങിയ സംസ്ഥാനത്ത് തന്നെ നികുതി നൽകിയ വിവരങ്ങളും ഓൺലൈനായി രേഖപ്പെടുത്തും. പിന്നീട് കച്ചവടക്കാർ കേരളത്തിൽ നികുതി നൽകേണ്ടിവരില്ല. എന്നാൽ വിൽപനക്കുള്ള സാധനങ്ങളൊന്നും കടകളിൽ എത്തിയില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറയുന്നു. നികുതി വെട്ടിപ്പ് കണ്ടെത്തിയ സ്ഥാപനങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നും ഇവർ പറയുന്നു.
അതേസമയം ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചിട്ടില്ലെന്നും പൂർണമായും സഹകരിക്കുകയാണ് ചെയ്തതെന്നും മിഠായി തെരുവിലെ വ്യാപാരികൾ പറഞ്ഞു. എന്നാൽ തടഞ്ഞത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയ ശേഷം പരിശോധന പൂർത്തിയാക്കാൻ കഴിഞ്ഞെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.