നികുതി വർധന: നാല് എം.എൽ.എമാർ സത്യഗ്രഹത്തിൽ
text_fieldsതിരുവനന്തപുരം: ബജറ്റിലെ നികുതി വർധനക്കെതിരെ നിയമസഭക്കകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം. ഇന്ധന സെസ് ഉൾപ്പെടെ നികുതി വർധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാല് എം.എൽ.എമാർ സഭാകവാടത്തിൽ സത്യഗ്രഹം തുടങ്ങി. ഷാഫി പറമ്പില്‍, ഡോ. മാത്യു കുഴല്നാടന്, നജീബ് കാന്തപുരം, സി.ആര്. മഹേഷ് എന്നിവരാണ് രാത്രിയും സമരം തുടരുന്നത്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നിയമസഭ മന്ദിരത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു.
ബജറ്റിന്മേലുള്ള പൊതുചർച്ച തുടങ്ങുന്നതിനു മുമ്പ് എഴുന്നേറ്റ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശമായ ബജറ്റാണിതെന്നും അന്യായ നികുതി വർധനക്കെതിരെ എം.എൽ.എമാർ സത്യഗ്രഹം ആരംഭിക്കുകയാണെന്നും പ്രഖ്യാപിക്കുകയായിരുന്നു. 4000 കോടിയുടെ അധികഭാരം ജനങ്ങളുടെമേൽ കെട്ടിവെക്കുന്ന ബജറ്റ് മഹാമാരിയും മഹാപ്രളയവും ഉണ്ടാക്കിയ പ്രതിസന്ധിയില്‍ തളര്‍ന്നിരിക്കുന്ന ജനങ്ങള്‍ക്കുമേല്‍ ഇടിത്തീപോലെ പെയ്തിറങ്ങിയ മഹാദുരന്തമായി മാറിയെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പ്രതിപക്ഷാംഗങ്ങളുടെ ഇറങ്ങിപ്പോക്കിനിടെ എഴുന്നേറ്റ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നികുതി വർധനയെ ന്യായീകരിച്ചു. നികുതി വർധന ഒരിക്കലും പാടില്ലെന്ന സമീപനം ആർക്കും സ്വീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് പെട്രോളിന് ഏഴുതവണയും ഡീസലിന് 11 തവണയും നികുതി കൂട്ടിയിരുന്നു. ഇപ്പോഴത്തെ നികുതി വർധന പരിമിതമായ തോതിലാണ്. കൈയടി കിട്ടില്ലെന്ന് അറിയാം. വരുമാനം ഉറപ്പാക്കാൻ മറ്റു മാർഗമില്ല. 30 രൂപ ഇന്ധന സെസ് പിരിക്കുന്ന കേന്ദ്രത്തിനെതിരെ മിണ്ടാത്ത കോൺഗ്രസ് നയം ബി.ജെ.പിയെ സഹായിക്കുന്നതാണെന്നും മന്ത്രി തുടർന്നു.
നികുതി വർധനക്കെതിരെ പ്ലക്കാർഡും ബാനറുമായാണ് പ്രതിപക്ഷം തിങ്കളാഴ്ച സഭയിലെത്തിയത്. ചോദ്യോത്തര വേളയുടെ തുടക്കംതന്നെ പ്രതിപക്ഷ മുദ്രാവാക്യം വിളിയിൽ മുങ്ങി. സഹകരിക്കണമെന്ന സ്പീക്കറുടെ ആവർത്തിച്ചുള്ള അഭ്യർഥനക്കൊടുവിൽ സീറ്റിൽ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്തത്.
ബജറ്റിന്മേലുള്ള പൊതുചർച്ച തിങ്കളാഴ്ച തുടങ്ങി. മൂന്നര മണിക്കൂർ നീണ്ട ചർച്ചയിൽ ധനമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഭരണ-പ്രതിപക്ഷ അംഗങ്ങൾ കൊമ്പുകോർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.