നികുതിനഷ്ടം ഒഴിവാക്കൽ; സംസ്ഥാനത്ത് ഏകീകൃത രജിസ്ട്രേഷൻ നിയമത്തിന് ശിപാർശ
text_fieldsതിരുവനന്തപുരം: 1860ലെയും 1955ലെയും സൊസൈറ്റി രജിസ്ട്രേഷൻ നിയമം ഏകീകരിച്ച് സംസ്ഥാനത്ത് ഏകീകൃത രജിസ്ട്രേഷന് നിയമം അടിയന്തരമായി പ്രാബല്യത്തില്‍ കൊണ്ടുവരാൻ നിർദേശം.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ പ്രവൃത്തി പഠന റിപ്പോര്‍ട്ടിലാണ് നിർദേശം. 100 വര്‍ഷത്തിലധികം പഴക്കമുള്ള ആധാരരേഖകള്‍ പുരാവസ്തു വകുപ്പിന് കൈമാറാനും ശിപാർശയുണ്ട്. സംസ്ഥാനത്ത് സൊസൈറ്റി രജിസ്ട്രേഷനില്‍ തിരുവിതാംകൂര്‍ -മലബാര്‍ മേഖലകളിലായുള്ള തരംതിരിവ് നികുതി നഷ്ടം വരുത്തുന്നതായി നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു.
ആഭ്യന്തര വകുപ്പ് വിജിലന്‍സ് സെല്‍ മാതൃകയില്‍ രജിസ്ട്രേഷന് വകുപ്പിൽ ആഭ്യന്തര വിജിലന്‍സ് സെല്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. ചിട്ടികളും ചിട്ടി സ്ഥാപനങ്ങളും കൂടുതലുള്ള തൃശൂരിൽ ആര്ബിട്രേഷന് കേസ് കൈകാര്യംചെയ്യുന്നതിന് സബ് രജിസ്ട്രാര്‍ കേഡറില്‍ ആര്ബിട്രേഷന് നോമിനി തസ്തികയും ക്ലര്‍ക്കുമാരുടെയും സേവനവും ഉള്‍പ്പെടുത്തണം. 57 സബ് രജിസ്ട്രാർ ഓഫിസുകളില്‍ ഒരു ഓഫിസ് അറ്റൻഡന്റ് മാത്രമാണുള്ളത്. ഇവിടങ്ങളില്‍ നൈറ്റ് വാച്ചർമാരെ അടിയന്തരമായി നിയോഗിക്കണം.
രജിസ്റ്റര്‍ ചെയ്യുന്ന പ്രമാണങ്ങളുടെ ഫയലിങ് ഷീറ്റുകള്‍ പുസ്തക രൂപേണ തയാറാക്കി സൂക്ഷിക്കുന്ന രീതി തുടരേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സബ് രജിസ്ട്രാർ ഓഫിസുകളില്‍ മിക്കയിടത്തും ജോലി ഭാരം കൂടുതലാണ്. ഒരു ദിവസം രജിസ്ട്രേഷനു നല്കുന്ന ടോക്കണ്‍ 25 ആയി പരിമിതപ്പെടുത്തി കൂടുതല്‍ വരുന്നവ തിരക്കൊഴിഞ്ഞ തൊട്ടടുത്ത ഓഫിസിലേക്ക് മാറ്റി ഷെഡ്യൂള്‍ ചെയ്ത് രജിസ്ട്രേഷന് വേഗത്തിലാക്കണം.
അഞ്ചു വര്‍ഷം കൂടുമ്പോള്‍ ന്യായവില പുതുക്കണം. കൈമാറ്റം ചെയ്യുന്ന ഭൂമിയിലെ കെട്ടിടങ്ങളുടെ വില നിശ്ചയിക്കുന്ന എൻജിനീയർമാര്‍ കെട്ടിടങ്ങള്‍ പരിശോധിച്ച് വില നിശ്ചയിക്കണം. തെറ്റായ രീതിയില്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നതു വഴി നഷ്ടപ്പെടുന്ന തുക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവരുടെ ബാധ്യതയാക്കുന്ന തരത്തില്‍ ചട്ടം ഭേദഗതി ചെയ്യാനും നിർദേശമുണ്ട്. 30 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വിലയാധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ വിവരം ആദായനികുതി വകുപ്പ് ലഭ്യമാകുന്ന തരത്തില്‍ മാറ്റം വരുത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
വിവാഹ സർട്ടിഫിക്കറ്റിൽ ഫോട്ടോ ഉൾപ്പെടുത്തണം
തിരുവനന്തപുരം: സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സബ് രജിസ്ട്രാർ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ ദമ്പതികളുടെ ഫോട്ടോ ഉള്‍പ്പെടുത്തി നല്‍കണം. വിദേശത്തേക്കു പോകുന്ന ദമ്പതികള്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ ഇല്ലാത്തതിന്റെ പേരില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതുവഴി പരിഹാരമാകുമെന്ന് റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.