റോഡ് തകർച്ച; മന്ത്രിയെ വേദിയിലിരുത്തി ജയസൂര്യയുടെ വിമർശനം: 'നികുതി അടക്കുന്നവർക്ക് നല്ല റോഡ് വേണം, മഴയാണ് പ്രശ്നമെങ്കിൽ ചിറാപൂഞ്ചിയിൽ റോഡുണ്ടാകുമോ?'
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ സാന്നിധ്യത്തിൽ വിമർശിച്ച് നടൻ ജയസൂര്യ. നികുതി അടക്കുന്നവർക്ക് നല്ല റോഡ് വേണമെന്നും മഴയുടെ പേരിൽ അറ്റകുറ്റപ്പണി നടത്താതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലായിരുന്നു ജയസൂര്യയുടെ വിമർശനം.
'ഗതികെട്ടാണ് 2013ൽ എറണാകുളത്ത് റോഡിലിറങ്ങി കുഴിയടച്ചത്. അതിന്‍റെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു. പക്ഷെ, അതൊന്നും വകവെക്കുന്നില്ല. ഇന്നും കേരളത്തിലെ പലഭാഗത്തും റോഡുകളുടെ അവസ്ഥ വളരെ മോശമാണ്.
കഴിഞ്ഞദിവസം ഷൂട്ടിങ്ങിന്‍റെ ഭാഗമായി വാഗമണിൽ പോയിരുന്നു. ധാരാളം ടൂറിസ്റ്റുകൾ വരുന്ന ഭാഗമാണത്. അവിടെ എത്താൻ ഓരോ വാഹനവും മണിക്കൂറുകളാണ് എടുക്കുന്നത്. റോഡിന്‍റെ അവസ്ഥ അത്രയും മോശമാണ്. അപ്പോൾ തന്നെ മന്ത്രി മുഹമ്മദ് റിയാസിനെ വിളിച്ചു. ഉടൻ തന്നെ അദ്ദേഹം ബന്ധപ്പെട്ട ആളുകളെ വിളിച്ച് മറുപടി നൽകി. അതാണ് റിയാസിനോട് തനിക്ക് ബഹുമാനം തോന്നാനുള്ള കാരണം.
കേരളത്തിൽ മഴയുടെ പേര് പറഞ്ഞാണ് റോഡ് നവീകരണം നീളുന്നത്. മഴയാണ് പ്രശ്നമെങ്കിൽ ചിറാപൂഞ്ചിയിൽ റോഡുണ്ടാകില്ലല്ലോ. മഴ പോലുള്ള പലവിധ കാരണങ്ങൾ പറയാനുണ്ടാകും. പക്ഷെ, അതൊന്നും ജനങ്ങൾ അറിയേണ്ട കാര്യമില്ല. ടാക്സ് അടച്ചാണ് ഓരോരുത്തരും വാഹനം റോഡിലിറക്കുന്നത്. അവർക്ക് നല്ല റോഡ് വേണം. മോശം റോഡുകളിൽ വീണ് മരിച്ചാൽ ആരാണ് സമാധാനം പറയുക' -ജയസൂര്യ ചോദിച്ചു.
റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിപാലന കാലാവധിയില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണം. അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഉദ്യോഗസ്ഥർ ഓരോ മാസവും റോഡുകൾ സന്ദർശിച്ച് നിലവാരം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.