ടി.സി നിര്‍ബന്ധമില്ല, സെല്‍ഫ് ഡിക്ലറേഷന്‍ മതി, ഇഷ്ടമുള്ള സ്‌കൂളില്‍ ചേരാമെന്ന് മന്ത്രി ശിവന്‍കുട്ടി
text_fieldsതിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സെല്‍ഫ് ഡിക്ളറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാർഥികൾക്ക് ഇഷ്ടമുള്ള സ്‌കൂളില്‍ ടി.സി ഇല്ലാതെ ചേരാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നിയമസഭയില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ സബ്മിഷന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചില സ്‌കൂളുകള്‍ വിദ്യാർഥികള്‍ക്ക് വക്കീല്‍ നോട്ടിസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഇതിനെ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. ടി.സി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രസ്തുത സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അത് നല്‍കേണ്ടതുണ്ട്.
വിദ്യാർഥി പുതുതായി ചേരാൻ ഉദ്ദേശിക്കുന്ന സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് മാത്രമേ അഡ്മിഷൻ നൽകാൻ സാധിക്കൂ. ഹയർസെക്കൻഡറി സ്കൂൾ ട്രാൻസ്ഫർ സിംഗിൾ വിൻഡോ അഡ്മിഷൻ നടപടി ക്രമം അനുസരിച്ച് നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം നബംബര്‍ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുകയാണ്. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് എന്നിവർ സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.