ചായക്കടയിലെ സ്ഫോടനം: തീപടർന്നത് സിഗരറ്റിൽനിന്ന്, നാട് തരിച്ചുനിന്നുപോയ നിമിഷം
text_fieldsമല്ലപ്പള്ളി (പത്തനംതിട്ട): ആനിക്കാട് പുന്നവേലി പിടന്നപ്ലാവിൽ ചായക്കടയിലുണ്ടായ സ്ഫോടനത്തിൽ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് നാട്ടുകാർ. കടയുടമ പി.എം. ബഷീർ, വേലൂർ വീട്ടിൽ സണ്ണി ചാക്കോ, എലിമുള്ളിൽ ബേബിച്ചൻ, ഇടത്തറ കുഞ്ഞിബ്രാഹിം, നിലമ്പാറ രാജശേഖരൻ നൂറോന്മാവ്, ജോൺ ജോസഫ് മാക്കൽ എന്നിവർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.
സണ്ണി ചാക്കോയുടെ കൈവശം ഉണ്ടായിരുന്ന സ്ഫോടകവസ്തുവിൽ അബദ്ധത്തിൽ സിഗരറ്റിലെ തീയിൽ തട്ടിയാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സണ്ണിയുടെ കൈപ്പത്തി അറ്റുപോയി. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ മറ്റുള്ളവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. കിണറ്റിലെ പാറ പൊട്ടിക്കുന്ന ജോലി ചെയ്യുന്ന ആളാണ് സണ്ണി ചാക്കോ. ചായ കുടിക്കാൻ കടയുടെ വരാന്തയിൽ ഇരുന്ന ഇയാൾ കൈയിലുണ്ടായിരുന്ന പാറ പൊട്ടിക്കാനുള്ള സ്ഫോടക വസ്തു അടങ്ങിയ കവർ അടുത്തിരുന്ന സോഡാകുപ്പിയുടെ മുകളിൽ വെച്ചശേഷം സിഗരറ്റ് വലിച്ചു.
ഇതിനിടെ, സിഗരറ്റിെൻറ തീ അറിയാതെ മുട്ടുകയായിരുന്നു. സ്ഫോടനത്തിൽ കടയിലെ അലമാരയും സോഡാകുപ്പികളും പൊട്ടിച്ചിതറി. ചില്ലുതെറിച്ചാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്.
സ്പെഷൽ ബ്രാഞ്ച്, ഫോറൻസിക് വിദഗ്ധർ, വിരലടയാള വിദഗ്ധർ, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ വിശദ പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് പരിശോധനയിൽ സണ്ണി ചാക്കോയുടെ വീട്ടിൽനിന്ന് ഡിറ്റണേറ്ററുകളും കണ്ടെടുത്തു.
സംഭവത്തിൽ മറ്റ് ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. തിരുവല്ല ഡിവൈ.എസ് പി. രാജപ്പൻ, കീഴ്വായ്പൂര് എസ്.ഐമാരായ സുരേഷ് കുമാർ, സുരേന്ദ്രൻ, എ.എസ്.ഐ അജു, സി.പി.ഒമാരായ സൈജു, ആദർശ് എന്നിവരുടെ നേതൃത്വത്തിലെ ഉന്നത പൊലീസ് ഉേദ്യാഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
നാടിനെ നടുക്കി സ്ഫോടനങ്ങൾ
താലൂക്ക് പരിധിയിൽ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്നത് നിരവധി പാറമടകൾ. മടകൾ കേന്ദ്രീകരിച്ചും അല്ലാതെയും നടക്കുന്ന സ്ഫോടനങ്ങളുടെ എണ്ണവും ഏറിവരുകയാണ്. ഏറ്റവും ഒടുവിലത്തേതാണ് ചൊവ്വാഴ്ച രാവിലെ ആനിക്കാട് പുന്നവേലി പിടന്ന പ്ലാവിൽ ചായക്കടയിൽ ഉണ്ടായ സ്ഫോടനം.
കഴിഞ്ഞ ജൂലൈയിൽ എഴുമറ്റൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പാറമടയിൽ ഉണ്ടായത് വലിയ സ്ഫോടനമാണ്. സമീപത്തെ നിരവധി വിടുകൾക്ക് നാശനഷ്ടമുണ്ടായി. സ്ഫോടനത്തിെൻറ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. പാറമടയുടെ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട് നാട്ടുകാർ സംഘടിച്ച് ദിവസങ്ങളോളം സമരവും നടത്തി.
എന്നാൽ, രണ്ടുദിവസം തികയും മുമ്പ് പ്രവർത്തനം പുനരാരംഭിച്ചു. അന്വേഷണം ഇന്നും എങ്ങുമെത്തിയില്ല. അധികൃതരുടെ വാഗ്ദാനങ്ങളും അന്വേഷണങ്ങളും പേരിനുമാത്രമായി.
മല്ലപ്പള്ളി, ആനിക്കാട്, കുന്നന്താനം കോട്ടാങ്ങാൽ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്നത് നിരവധി പാറമടകളാണ്. ഇവിടെ സൂക്ഷിക്കുന്ന സ്ഫോടകവസ്തുക്കളും പ്രവർത്തനവും നിയമവിരുദ്ധമാണ്.
പാറ പൊട്ടിക്കുന്നതിന് അധികൃതർ നൽകിയ സമയം പോലും പാലിക്കപ്പെടുന്നില്ല. പാറമടകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ വീടുകളിൽ പോലും സ്ഫോടകവസ്തുക്കൾ സൂക്ഷിക്കപ്പെടുന്നതായി പറയപ്പെടുന്നു. ഇതെല്ലാം അധികൃതർ കണ്ടിെല്ലന്ന് നടിക്കുകയാണ്. ഒരു അപകടം നടക്കുമ്പോൾ മാത്രം തിടുക്കപ്പെട്ട് അന്വേഷണവുമായി എത്തുന്ന ഉദ്യോഗസ്ഥർ പിന്നെ എല്ലാം മറക്കുകയാണ് പതിവ്.
നടുക്കം മാറാതെ ആനിക്കാട്
എവിടെനിന്നാണ് ഈ ഭയാനക ശബ്ദം എന്നറിയാതെ പിടന്നപ്ലാവ് നിവാസികൾ തരിച്ചുനിന്നുപോയ നിമിഷമായിരുന്നു ചൊവ്വാഴ്ച രാവിലെയുണ്ടായത്. പിന്നെ ശബ്ദം കേട്ട സ്ഥലത്തേക്ക് ഓടുകയായിരുന്നു.
അയൽവാസികളും ഉറ്റ ചങ്ങാതിമാരുമാണ് സമീപത്തുള്ള ചായക്കടയിൽ ഒരുമിച്ചുകൂടുന്നത്. ഇത് പതിവുമാണ്. ഇപ്പോൾ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഇവർ. സ്ഫോടനത്തിെൻറ ശബ്ദം മൂന്നു കിലോമീറ്റർ വരെ കേട്ടതായി നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.