സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
text_fieldsതൃശൂർ: കാലികറ്റ് സർവകലാശാലയുടെ ഓഫ് കാമ്പസായ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണമുയർന്ന അസി. പ്രൊഫസർ എസ്. സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിലായിരുന്ന ഇയാളെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ബലാൽസംഗ കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ സ്കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽ കുമാറിനെ യൂണിവേഴ്സിറ്റി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സുനിൽ കുമാറിനെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാടിൽ സമരം ശക്തമാക്കിയിരിക്കുകയായിരുന്നു വിദ്യാർഥികൾ. ഒന്നാം വർഷ നാടക ബിരുദ വിദ്യാർഥിനിയെ സുനിൽ കുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് വിദ്യാർഥി പൊലീസിന് നൽകിയ പരാതി.
ഓറിയന്റേഷൻ ക്ലാസ്സിസിനിടെ താൽക്കാലിക അധ്യാപകൻ പരാതിക്കാരിയായ വിദ്യാർഥിനിയോട് മോശമായി പെരുമാറിയിരുന്നു. തുടർന്ന് സ്‌കൂൾ ഓഫ് ഡ്രാമ ഗ്രീവൻസ് സെല്ലിൽ പെൺകുട്ടി പരാതി നൽകി. തുടർന്ന് പെൺകുട്ടിക്ക് ധാർമിക പിന്തുണയുമായി അധ്യാപകനായ സുനിൽകുമാർ എത്തി. പിന്നീട് സൗഹൃദം മുതലെടുത്ത് എസ് സുനിൽകുമാർ പെൺകുട്ടിയെ പീഡത്തിനിരയാക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. ഇതിനിടെ സുനിൽ നേരത്തെയും വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് ആരോപിച്ച് നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തി. വാട്സാപ്പിൽ സുനിൽ കുമാർ അയച്ച മെസ്സേജുകൾ പങ്ക് വെച്ചായിരുന്നു ദിവ്യയുടെ ആരോപണം.
അതേസമയം, വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഡബ്ല്യുസിസിയും രംഗത്തെത്തി. വിഷയം ഗൗരവപ്പെട്ടതാണെന്നും കലാ സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയുടെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് ഈ സംഭവമെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.