അധ്യാപിക ക്ലാസ് മുറിയിൽ കുഴഞ്ഞുവീണു മരിച്ചു
text_fieldsപത്തനംതിട്ട: സ്കൂളിൽ ഹാജർ എടുത്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അധ്യാപിക മരിച്ചു. മൈലപ്ര സേക്രഡ് ഹാർട്ട് നഴ്സറി സ്കൂളിലെ അധ്യാപിക അരീക്കക്കാവ് കരിപ്പോൺ പുത്തൻവീട്ടിൽ തോമസിന്‍റെ ഭാര്യ സാറാമ്മയാണ് (മിനി -47) മരിച്ചത്.
തിങ്കളാഴ്ച രാവിലെ 10.10ന് സ്കൂളിലെ പ്രാർഥന കഴിഞ്ഞ് കുട്ടികളുടെ ഹാജർ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ സഹപ്രവർത്തകർ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ കിടക്ക ഇല്ലാതിരുന്നതിനെത്തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
എന്നാൽ, ചികിത്സ ആരംഭിച്ചപ്പോഴേക്കും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രമേഹത്തിനും രക്തസമ്മർദത്തിനും മരുന്നു കഴിക്കുന്നുണ്ടായിരുന്നു.
ആശുപത്രിയിലെത്തിക്കുമ്പോൾ പ്രമേഹം മൂർച്ഛിച്ച നിലയിലായിരുന്നു. മൃതദേഹം മോർച്ചറിയിൽ. ചൊവ്വാഴ്ച സ്കൂളിൽ പൊതുദർശനത്തിനുവെച്ച ശേഷം അരീക്കക്കാവിലെ വീട്ടിൽ അന്ത്യശുശ്രൂഷ കഴിഞ്ഞ് സംസ്കരിക്കും. മണിയാർ പോസ്റ്റ്ഓഫിസിലെ പോസ്റ്റ്മാനാണ് ഭർത്താവ് തോമസ്. വിദ്യാർഥികളായ മാത്യു കെ. ടോം, ഇവാനിയോസ് തോമസ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.