അധ്യാപക ദമ്പതികളും മക്കളും മരിച്ച നിലയില്‍; മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന് കുറിപ്പ്
text_fieldsതൃപ്പൂണിത്തുറ (കൊച്ചി): തൃപ്പൂണിത്തുറക്കടുത്ത് തിരുവാണിയൂർ പഞ്ചായത്തിൽ മാമല കക്കാട്ട് നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കക്കാട് പടിഞ്ഞാറെ വാര്യത്ത് പരേതനായ അച്യുതവാര്യരുടെ മകനും അധ്യാപകനുമായ രഞ്ജിത് (40), അധ്യാപികയായ ഭാര്യ രശ്മി (36), മക്കളായ ആദി (ഒമ്പത്), ആദിയ (ഏഴ്) എന്നിവരാണ് മരിച്ചത്. രഞ്ജിത്തും രശ്മിയും തൂങ്ങിയ നിലയിലും മക്കളെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഉദയംപേരൂർ കണ്ടനാട് സെന്‍റ് മേരീസ് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്. ഭാര്യ രശ്മി പൂത്തോട്ട എസ്.എൻ. പബ്ലിക് സ്കൂൾ അധ്യാപികയാണ്. മക്കൾ ഇരുവരും ഇതേ സ്കൂളിൽ ഏഴിലും മൂന്നിലും പഠിക്കുന്നു. നാലുപേരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജിന് വൈദ്യപഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുതിവെച്ചിരുന്നു.
രണ്ടുപേരും സ്കൂളിൽ ലീവ് പറഞ്ഞിരുന്നില്ല. സ്കൂളിൽ എത്താത്തതിനെ തുടർന്ന് ഇരുവരെയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും എടുത്തില്ല. തുടർന്ന് സമീപത്തെ രമേശൻ എന്നയാളുടെ ഫോണിൽ വിളിച്ച് വിവരം തിരക്കാൻ പറഞ്ഞതിനെത്തുടർന്ന് തിരുവാണിയൂർ പഞ്ചായത്ത് മെംബർ ബിജുവിനെയും കൂട്ടി ഇദ്ദേഹം രാവിലെ പത്തോടെ വീട്ടിൽ എത്തുകയായിരുന്നു.
ഇവരെത്തുമ്പോൾ വീടിന്‍റെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. കട്ടിലിൽ കുട്ടികൾ കിടക്കുന്നത് കണ്ടതിനെത്തുടർന്ന് വിളിച്ചെങ്കിലും ആരും വിളി കേട്ടില്ല. തുടർന്ന്, അകത്ത് കയറിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിച്ചുവെന്ന് മെംബർ ബിജു പറഞ്ഞു.
ചോറ്റാനിക്കര, പിറവം, മുളന്തുരുത്തി പൊലീസും ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ചോറ്റാനിക്കര പൊലീസിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി വൈകീട്ട് അഞ്ചോടെ മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. വീട്ടിൽ പൊതുദർശനത്തിനുശേഷം വൈകീട്ട് അഞ്ച് കഴിഞ്ഞ് തൃപ്പൂണിത്തുറ മുനിസിപ്പൽ ശ്മശാനത്തിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.