ടിപ്പർ ലോറി ഇടിച്ച് അധ്യാപികക്ക് ദാരുണാന്ത്യം
text_fieldsകഴക്കൂട്ടം (തിരുവനന്തപുരം): ടിപ്പർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടറിൽ സഞ്ചരിച്ച അധ്യാപിക ദാരുണമായി മരിച്ചു. പെരുമാതുറ കുഴിവിളാകം സ്വദേശിനിയും മാടൻവിള ഷംസുൽ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയുമായ റുക്സാന (35)യാണ് മരിച്ചത്. കഴക്കൂട്ടം വെട്ടുറോഡിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം. സ്കൂട്ടർ ഓടിച്ച സഹപ്രവർത്തക സമീഹ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കഴക്കൂട്ടം ഭാഗത്തുനിന്നും കണിയാപുരത്തേയ്ക്ക് പോകുകയായിരുന്നു ഇരുവരും. വിഴിഞ്ഞത്ത് കരിങ്കല്ല് ഇറക്കി തിരികെ വന്ന ടിപ്പർ പെട്ടെന്ന് ഇടത്തേക്ക് തിരിച്ച് സ്കൂട്ടറിൽ തട്ടുകയായിരുന്നു. തെറിച്ച് വീണ റുക്സാന ടിപ്പറിന്റെറെ ടയറിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്ത് ബസ് കാത്തു നിന്നവരുടെ നിലവിളി കേട്ടാണ് ഡ്രൈവർ വണ്ടി നിർത്തിയത്. ടിപ്പർ പിന്നോട്ടെടുത്താണ് യുവതിയെ മാറ്റിയത്.
ഗുരുതര പരിക്കേറ്റ റുക്സാനയെ നാട്ടുകാർ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഫൈസലാണ് റുക്സാനയുടെ ഭർത്താവ്. മക്കൾ: ഫഹദ്, യാസർ.
ലോറി ഡ്രൈവർ നഗരൂർ സ്വദേശി ജോയിയെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപ്പറിന്റെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
ദേശീയപാത നിർമാണം നടക്കുന്നതിനാൽ പല ഭാഗങ്ങളിലും സൂചന ബോർഡുകളോ ലൈറ്റുകളോ ഇല്ല. റോഡ് തിരിയേണ്ട ഭാഗങ്ങൾ പലപ്പോഴും അടുത്ത് എത്തിയാൽ മാത്രമെ യാത്രക്കാർക്ക് അറിയാൻ കഴിയുന്നുള്ളൂ. നിരവധി തവണ നിർമാണ കമ്പനികൾക്ക് പൊലീസ് നോട്ടീസ് നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതു മൂലം ദിവസവും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ദേശീയ പാതയിൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.