പീഡനപരാതി: കാലിക്കറ്റിൽ അധ്യാപകനെ പിരിച്ചുവിട്ടു
text_fieldsകോഴിക്കോട്: ലൈംഗികപീഡന പരാതിയിൽ സസ്പെൻഷനിലായിരുന്ന ഇംഗ്ലീഷ് പഠനവിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ഹാരിസ് കോടമ്പുഴയെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഗവേഷക വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.
അശ്ലീല സന്ദേശമയച്ചെന്നും മോശമായി പെരുമാറിയെന്നും കൂടുതൽ വിദ്യാർഥിനികൾ പരാതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഹാരിസ് കോടമ്പുഴക്ക് സർവകലാശാലയിൽ ജോലി ലഭിച്ചത്. മറ്റൊരു കോളജിൽ അധ്യാപകനായിരിക്കെ 2020 മുതൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയതായി തെളിഞ്ഞിട്ടുണ്ട്.
സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങൾ
മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനല്‍ ആന്‍ഡ് ട്രെയിനിങ് ടെക്നോളജി (എന്‍.ഐ.ഇ.ടി.ടി) എന്നിവയുമായി അക്കാദമിക സഹകരണത്തിനുള്ള ധാരണപത്രം സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചു. സര്‍വകലാശാലാ കാമ്പസിലെ ഇന്റഗ്രേറ്റഡ് പി.ജി കോഴ്സുകള്‍ക്കായി അക്കാദമിക ബ്ലോക്കിന്റെ ഒന്നാംഘട്ട നിര്‍മാണത്തിനും ഹോസ്റ്റലിനുമായി 76 കോടി രൂപയുടെ എസ്റ്റിമേറ്റിനും അംഗീകാരം നല്കി. ഇതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ എന്‍ജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. അടുത്ത അധ്യയനവര്‍ഷത്തില്‍ ബിരുദ പരീക്ഷകള്‍ക്ക് ചോദ്യബാങ്ക് ഉപയോഗപ്പെടുത്തും. ചോദ്യ ബാങ്ക് തയാറാകാത്തതിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്ക് യോഗത്തിൽ രൂക്ഷവിമർശനമുയർന്നു. അറബി കോളജുകളിലെ കോഴ്സുകളുടെ സ്ഥിര അംഗീകാരം നഷ്ടപ്പെട്ടിട്ടില്ലെന്ന് രജിസ്ട്രാർ യോഗത്തെ അറിയിച്ചു. വിവിധ കോളജുകളില്‍നിന്ന് സര്‍വകലാശാലക്ക് കാലാകാലങ്ങളില്‍ ഫീസിനത്തില്‍ ലഭിക്കേണ്ടുന്ന തുക ഈടാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമായിരിക്കുമെന്ന് സിൻഡിക്കേറ്റ് യോഗം വ്യക്തമാക്കി. കാമ്പസ് ജി.എൽ.പി സ്കൂൾ കെട്ടിടം നിർമിക്കുന്നതിന് അനുവദിച്ച സർവകലാശാല ഭൂമി കൈമാറുന്ന കാര്യത്തിൽ വീണ്ടും നിയമോപദേശം തേടും. ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം വി.സി പരിശോധിക്കും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.