‘ടീച്ചർ എന്നോട് ക്ഷമിക്കുക...’മോഷണമുതൽ തിരികെ വെച്ച് ക്ഷമാപണക്കത്തുമായി മോഷ്ടാവ്
text_fieldsകോവളം: ‘ടീച്ചർ എന്നോട് ക്ഷമിക്കുക, ഇനി ഞാൻ ഒരിക്കലും ആവർത്തിക്കില്ല. എന്റെ വീട്ടുകാർക്കും ഇത് അറിയത്തില്ല. ഇത് കേസാക്കി ആളുകളെ അറിയിച്ച് എന്നെ അപമാനിക്കരുത്’.
വാഴമുട്ടം ഗവ. ഹൈസ്കൂൾ ഹെഡമിസ്ട്രസ് വെങ്ങാനൂർ പനങ്ങോട് സ്വദേശി ശ്രീജയുടെ വീടിന്റെ മതിലിൽ വ്യാഴാഴ്ച രാവിലെ കണ്ട കത്തിലെ വരികളാണിത്. തൊട്ടടുത്ത് മതിലിനു പുറത്ത് സ്കൂളിൽ നിന്ന് കവർന്ന ഉപകരണങ്ങൾ നിറച്ച പ്ലാസ്റ്റിക് ചാക്കുകെട്ടും വെച്ചിരുന്നു. ടീച്ചർ ഉടൻ വീട്ടുകാരെയും കോവളം പൊലീസിനെയും വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി ചാക്ക് പരിശോധിച്ചതിൽ ചാക്കിനകത്ത് ലാപ് ടോപ്, പ്രൊജക്റ്റർ എന്നിവയാണെന്ന് മനസ്സിലാക്കി തൊണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്കൂളുമായി ബന്ധമുള്ള ആരോ ഒപ്പിച്ച പണിയാണെന്നും സ്കൂൾ എച്ച്.എമ്മിനെ അപകീർത്തിപ്പെടുത്താനായി ചെയ്തതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്റ്റേഷനിലെത്തിച്ച ചാക്കുകെട്ട് വിരലടയാള വിദഗ്ധരെത്തി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. ജനുവരി ഒന്നിനാണ് വാഴമുട്ടം ഗവ. ഹൈസ്കൂളിൽ ഹൈടെക് ക്ലാസ് മുറികളിൽ സൂക്ഷിച്ചിരുന്ന നാലു ലക്ഷത്തോളം വില വരുന്ന രണ്ട് ലാപ് ടോപ്പുകളും നാല് പ്രൊജക്ടറുകളും മോഷണം പോയ വിവരം സ്കൂൾ അധികൃതർ അറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.