ദാറുന്നജാത്ത് സ്കൂളിലെ നിയമന അഴിമതി; അണ്ടർ സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു
text_fieldsമലപ്പുറം: കരുവാരകുണ്ട് ദാറുന്നജാത്ത് സ്കൂളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ ഹിയറിങ് റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു. മൂന്ന് അധ്യാപകരെ നിയമിച്ചതിൽ വ്യാപക ക്രമക്കേടും അഴിമതിയും നടത്തി സർക്കാറിൽനിന്ന് ഒരു കോടി രൂപ കൈപ്പറ്റിയെന്ന കേസിൽ മലപ്പുറം ഡി.ഡി.ഇ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് അണ്ടർ സെക്രട്ടറി ജൂലൈ 19ന് തിരുവനന്തപുരത്ത് ഹിയറിങ് നടത്തിയത്.
ആരോപണവിധേയരായ ഒ. സുലാഹ (യു.പി.എസ്.ടി), നിഷാത്ത് സുൽത്താന (യു.പി.എസ്.ടി), സി. റൈഹാനത്ത് (യു.പി.എസ്.ടി), സ്കൂൾ മാനേജർ, പ്രധാനാധ്യാപകൻ, പരാതിക്കാരനായ എം. ഹുസൈനാർ, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ, വണ്ടൂർ എ.ഇ.ഒ എന്നിവരിൽനിന്നാണ് അണ്ടർ സെക്രട്ടറി മൊഴിയെടുത്തത്. സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ മകളും ബന്ധുക്കളുമാണ് നിയമനക്കേസിൽ ആരോപണവിധേയരായ അധ്യാപകർ.
മലപ്പുറം ഡി.ഡി.ഇയുടെ അന്വേഷണ റിപ്പോർട്ടിൽ വിദ്യാഭ്യാസ വകുപ്പ് നടപടിക്കൊരുങ്ങുന്നതിനിടയിൽ രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് സർക്കാർ ഹിയറിങ് നടത്താൻ വിട്ടത്. അന്വേഷണ ഉദ്യോഗസ്ഥർ തങ്ങൾ കണ്ടെത്തിയ ക്രമക്കേടും അഴിമതിയും സ്ഥിരീകരിക്കുന്ന നിലപാടാണ് തെളിവുസഹിതം ഹിയറിങ്ങിൽ നൽകിയത് എന്നാണ് സൂചന. അതേസമയം, ആരോപണവിധേയർക്ക് കുറ്റം നിഷേധിക്കാനായില്ല. ഇതുസംബന്ധിച്ച് ഹൈകോടതിയിൽ പരാതിക്കാരനായ ഹുസൈനാർ നൽകിയ ഹരജിയിൽ കൃത്യമായ മറുപടി നൽകാൻ സർക്കാർ അഭിഭാഷകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. മേയ് 28നാണ് ഹൈകോടതി ഹരജി ഫയലിൽ സ്വീകരിച്ചത്.
ചട്ടവിരുദ്ധ നിയമനവും വ്യാപക ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്ന് കരുവാരകുണ്ടിലെ ഡി.എൻ.ഒ.യു.പി സ്കൂൾ അധ്യാപകർക്കും മാനേജർക്കുമെതിരെ കർശന നടപടിക്കാണ് വിദ്യാഭ്യാസ വകുപ്പ് ശിപാർശ ചെയ്തത്. മുൻകാല പ്രാബല്യത്തോടെ നിയമനാംഗീകാരം വാങ്ങുകയും അതിനായി കൃത്രിമ രേഖകൾ ചമക്കുകയും ചെയ്തുവെന്നാണ് കേസ്. അധ്യാപകർക്കും മാനേജ്മെന്റിനുമെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഒരു കോടി രൂപ തിരിച്ചുപിടിക്കണമെന്നുമായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.