ഇവർ അധ്യാപകരാണ്; ജീവിക്കാൻ മറ്റ് തൊഴിലും
text_fieldsഅഞ്ചരക്കണ്ടി: ഇന്ന് അധ്യാപക ദിനം ആചരിക്കുമ്പോൾ ഉപജീവനത്തിന് പുതിയ വഴികൾ തേടേണ്ട അവസ്ഥയിലാണ് ഇൗ അധ്യാപകർ. കുന്നിരിക്ക യു.പി സ്കൂളിലെ അഖിൽ മാഷും കൊളത്തൂർ എ.എൽ.പി സ്കൂളിലെ ടി.വി. ഗജില ടീച്ചറും ജീവിത വഴിയിൽ വാഹനമോടിച്ചും തയ്യൽ ജോലി ചെയ്തുമാണ് കുടുംബം പോറ്റുന്നത്.
2011 ജൂൺ ഒന്നിനാണ് ഗജില ടീച്ചർ കൊളത്തൂർ എ.എൽ.പി സ്കൂളിൽ ചേർന്നത്. 10 വർഷം പൂർത്തിയാവുന്ന വേളയിലും, നിയമനം നേടി ശമ്പളം വാങ്ങുക എന്നത് സ്വപ്നമായി മാറിയ അവസ്ഥയിലാണ്. വിദ്യാലയത്തിൽ മതിയായ കുട്ടികളില്ലെന്ന കാരണത്താലാണ് നിയമനം അംഗീകരിക്കാത്തത്. കോവിഡിന് മുമ്പുവരെ ഭർത്താവിന് ബസ് ഡ്രൈവറായി ജോലിയുള്ളതിനാൽ ആശ്വാസമായിരുന്നു. എന്നാൽ, ആറുമാസമായി ഭർത്താവിന് ജോലി ഇല്ലാത്തതും തയ്യൽ വസ്ത്രങ്ങൾ അടിക്കുന്നത് കുറഞ്ഞതും കാരണം പ്രയാസത്തിലാണ് ഇവർ. തയ്യൽ ജോലി ചെയ്ത് കിട്ടുന്ന വരുമാനത്തിലാണ് ടീച്ചർ കുടുംബം പോറ്റുന്നത്.
കുന്നിരിക്ക യു.പി സ്കൂൾ അധ്യാപകനായ അഖിൽ 2017 ജൂണിലാണ് ജോലിയിൽ പ്രവേശിച്ചത്. മൂന്നുവർഷം പിന്നിടുമ്പോഴും ജീവിതവൃത്തിക്കായി ടെമ്പോ ട്രാവലർ ഓടിക്കുകയാണ്.
മാസങ്ങളായി ട്രിപ്പുകൾ ഒന്നുമില്ലാത്ത അവസ്ഥയാണ്. ശമ്പളം കിട്ടാത്ത പ്രയാസങ്ങളൊന്നും ഇരുവരും തങ്ങളുടെ ജോലിയിൽ കാണിക്കാറില്ല. ദിനേനയുള്ള ഓൺലൈൻ പ്രവൃത്തി നടത്താനും വിദ്യാലയത്തിലെ വിവിധ ആവശ്യങ്ങൾ നിർവഹിക്കാനും മുൻപന്തിയിലാണ് ഇവർ. തങ്ങളുെട കണ്ണീർ സർക്കാർ കാണുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.