അധിക തസ്തികകളിൽ നിയമനം ലഭിച്ച അധ്യാപകരും സംരക്ഷണപരിധിയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 2011ന് ശേഷം അധികതസ്തികകളിൽ നിയമനംനേടിയ അധ്യാപകർക്ക് കൂടി സംരക്ഷണം നൽകാൻ സർക്കാർ നടപടി തുടങ്ങുന്നു. 2011-12 അധ്യയനവർഷം മുതൽ 2014-15 വർഷംവരെ നിയമനം നേടുകയും അംഗീകാരം ലഭിക്കുകയും ചെയ്ത അധ്യാപകരെയാണ് സംരക്ഷണത്തിെൻറ പരിധിയിൽ കൊണ്ടുവരുന്നത്. ഇൗ കാലയളവിൽ അധികതസ്തികകളിൽ നിയമനം നേടുകയും പിന്നീട് കുട്ടികൾ കുറഞ്ഞതിനെ തുടർന്ന് തസ്തിക നഷ്ടപ്പെട്ട് പുറത്താവുകയും ചെയ്ത അധ്യാപകരുടെ കണക്ക് ശേഖരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി മുഴുവൻ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും വിദ്യാഭ്യാസ ഒാഫിസർമാർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. കണക്ക് ശേഖരിച്ചശേഷം ഇൗ അധ്യാപകരെ കൂടി സംരക്ഷണ ആനുകൂല്യം നൽകി ഇതര സ്കൂളുകളിൽ വരുന്ന ഒഴിവുകളിലേക്ക് പുനർവിന്യസിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താനാണ് ശ്രമം. ഇവർക്ക് ശേഷം അതേ സ്കൂളുകളിലെ വിരമിക്കൽ, രാജി, മരണം വഴിയുള്ള ഒഴിവുകളിൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് തസ്തിക നഷ്ടപ്പെട്ടാലും സംരക്ഷണ ആനുകൂല്യം ലഭിക്കുന്നുണ്ട്.
ഇവരേക്കാൾ സീനിയറായ അധിക തസ്തികകളിൽ നിയമനം ലഭിച്ച അധ്യാപകർക്ക് സംരക്ഷണ ആനുകൂല്യം ലഭ്യമാക്കാത്തത് അനീതിയാണെന്ന് വിമർശനം ഉയർന്നിരുന്നു. 2011ൽ അധിക തസ്തികയിൽ നിയമനം ലഭിച്ച അധ്യാപകൻ കുട്ടികൾ ഇല്ലാതെ വന്നാൽ പുറത്താകും. എന്നാൽ ഇതിന് ശേഷം 2014-15 വർഷംവരെ വിരമിക്കൽ, രാജി, മരണം വഴിയുള്ള ഒഴിവുകളിൽ നിയമിക്കപ്പെടുന്ന അധ്യാപകർക്ക് തസ്തികനഷ്ടം സംഭവിച്ചാലും സംരക്ഷണം ലഭിക്കുകയും പുനർവിന്യാസത്തിലൂടെ നിയമനം ലഭിക്കുകയും ചെയ്യുന്നുണ്ട്. ഒരേ സ്കൂളിലെ സീനിയറായ അധ്യാപകർ തസ്തിക നഷ്ടപ്പെട്ട് പുറത്താകുേമ്പാൾ ജൂനിയറായ അധ്യാപകന് സംരക്ഷണ ആനുകൂല്യം ലഭിക്കുന്നതുമാണ് നിലവിലെ വ്യവസ്ഥ. ഇത് പരിഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇൗ കാലയളവിൽ അധിക തസ്തികകളിൽ നിയമനം ലഭിച്ച അധ്യാപകരുടെ കണക്ക് ശേഖരിക്കുന്നത്.
കണക്ക് ശേഖരിച്ചശേഷം വിശദ ശിപാർശ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് സമർപ്പിക്കും. ക്രോഡീകരിച്ച കണക്ക് ജനുവരി 18നകം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം. അധിക തസ്തികകളിൽ നിയമനം ലഭിക്കുകയും കഴിഞ്ഞ അധ്യയനവർഷവും ഇൗ അധ്യയനവർഷവും തസ്തിക നഷ്ടെപ്പട്ടവരുടെയും കണക്ക് പ്രത്യേകം ശേഖരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.