എയ്ഡഡ് നിയമനങ്ങൾക്ക് ഇരട്ടക്കുരുക്ക്: കുട്ടികൾ കൂടുന്നു; അധ്യാപകർ കുറയുന്നു
text_fieldsതിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ നാലു വർഷത്തിനിടെ കുട്ടികളുടെ വൻ വർധന ഉണ്ടായെന്ന് സർക്കാർ പറയുമ്പോഴും ഏതാനും വർഷങ്ങളായി അധ്യാപകരുടെ എണ്ണത്തിലുണ്ടാവുന്നത് ക്രമാനുഗത കുറവ്. കോവിഡ് കാരണം 2020-21, 2021-22 അധ്യയന വർഷത്തിൽ സ്കൂളുകളിൽ തസ്തിക നിർണയം നടത്തിയിട്ടില്ല. പകരം 2019-20 വർഷത്തെ തസ്തിക നിർണയം തുടർന്നുള്ള രണ്ട് വർഷത്തേക്കും ബാധകമാക്കി സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിന് അനുസൃതമായി തസ്തികയുടെ എണ്ണത്തിലും മാറ്റം വരണം. ഈ രണ്ടു വർഷവും കുട്ടികൾ വൻതോതിൽ കൂടിയെന്ന് സർക്കാർ അവകാശപ്പെടുന്ന വർഷവുമാണ്. കുട്ടികൾ വർധിച്ച സ്കൂളുകളിൽ കഴിഞ്ഞ രണ്ടു വർഷവും പുതിയ തസ്തിക അനുവദിക്കാൻ സർക്കാർ തയാറായില്ലെന്ന് ചുരുക്കം. ഫലത്തിൽ കുട്ടികൾ വർധിച്ച് പുതിയ ഡിവിഷൻ രൂപപ്പെട്ടെങ്കിലും പഠിപ്പിക്കാൻ അധ്യാപകരെ സർക്കാർ നൽകാത്ത അവസ്ഥ. കുട്ടികൾ കുറഞ്ഞ സ്കൂളുകളിൽ പഴയ തസ്തിക തുടരുകയും ചെയ്യുന്നു.
അതേസമയം, വ്യാജ കണക്കിലൂടെ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് തസ്തിക സൃഷ്ടിച്ചിരുന്ന എയ്ഡഡ് മാനേജ്മെന്‍റുകൾക്ക് കുരുക്കിടാൻ ലക്ഷ്യമിട്ട് സർക്കാർ കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇതുപ്രകാരം കുട്ടികൾ വർധിച്ചുണ്ടാകുന്ന അധിക തസ്തികകൾക്ക് സർക്കാർ മുൻകൂർ അനുമതി നിർബന്ധമാണ്. മൂന്ന് ഘട്ട പരിശോധന നടത്തി മാത്രമേ പുതിയ തസ്തിക അനുവദിക്കൂ.
ഈ നടപടി പൂർത്തിയാക്കാൻ നിശ്ചയിച്ച സമയം സെപ്റ്റംബർ 30 ആണ്. ജൂൺ ഒന്നിന് സ്കൂൾ തുറന്നാലും കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉൾപ്പെടെ വർധിച്ച കുട്ടികൾക്കായി തസ്തിക സൃഷ്ടിക്കാൻ അനുമതി ലഭിക്കാൻ പിന്നെയും നാല് മാസം കാത്തിരിക്കണമെന്ന് ചുരുക്കം. ഈ സമയം കുട്ടികളെ ആര് പഠിപ്പിക്കുമെന്നതിന് സർക്കാറിന് ഉത്തരമില്ല.
ഇതോടൊപ്പം ഭിന്നശേഷി സംവരണം എയ്ഡഡ് സ്കൂളുകളിൽ കൂടി നടപ്പാക്കണമെന്ന ഹൈകോടതി ഉത്തരവും എയ്ഡഡ് സ്കൂളുകൾക്ക് കുരുക്കായി. ഭിന്നശേഷി സംവരണം നടപ്പാക്കാത്തതിനാൽ 2019 -20 വർഷത്തെ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകിയ നടപടി കോടതി സ്റ്റേ ചെയ്തിരുന്നു. കോളജ് അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനുള്ള മാർഗരേഖ ഒരാഴ്ച മുമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പിൽ ആശയക്കുഴപ്പം ബാക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.