അധ്യാപകരുെട പുനർവിന്യാസം: മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഉദ്യോഗാർഥികൾ
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ 4060 സംരക്ഷിത അധ്യാപകരെ പുനർവിന്യസിച്ചതിനെതിരെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിെൻറ ഫേസ്ബുക്ക് പേജിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ കമൻറുകൾ. എയ്ഡഡ് അധ്യാപകരെ സർക്കാർ സ്കൂളുകളിേലക്ക് പുനർവിന്യസിച്ചതാണ് പി.എസ്.സി പട്ടികയിലുൾപ്പെടെയുള്ളവരെ പ്രകോപിപ്പിച്ചത്. സർക്കാറിെൻറ ഭരണനേട്ടമായി പത്രവാർത്തയടക്കമായിരുന്നു മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, മന്ത്രിയെ വരവേറ്റത് എതിരഭിപ്രായങ്ങൾ മാത്രമായിരുന്നു. ലക്ഷങ്ങൾ കോഴ കൊടുത്ത് എയ്ഡഡ് അധ്യാപകരായവരെ സംരക്ഷിക്കുന്ന സർക്കാർ യുവാക്കളെ വഞ്ചിക്കുകയാണെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച തസ്തിക നിർണയം പൂർത്തിയായപ്പോഴാണ് മുൻവർഷത്തേതടക്കം 4060 അധ്യാപകർ തസ്തികയില്ലാത്തവരാണെന്ന് കണ്ടെത്തിയത്. ഇവരെ സംരക്ഷിത അധ്യാപകരായി കണക്കാക്കി പുനർവിന്യാസം നടത്തുകയായിരുന്നു. 3900ത്തോളം പേരെ സ്വന്തം ജില്ലയിലും ബാക്കിയുള്ളവരെ മറ്റു ജില്ലകളിലുമായാണ് പുനർവിന്യസിച്ചത്. ഇൗ പട്ടികയിലെ എയ്ഡഡ് അധ്യാപകരെ പുനർവിന്യസിക്കുന്നത് പി.എസ്.സി പരീക്ഷയെഴുതിയവർക്ക് തിരിച്ചടിയാകും. എയ്ഡഡ് അധ്യാപകരെ എയ്ഡഡ് സ്കൂളുകളിൽ തന്നെ പുനർവിന്യസിക്കണമെന്നാണ് പി.എസ്.സി പട്ടികയിലുള്ളവരുടെ ആവശ്യം. യു.ഡി.എഫ് ഭരണകാലത്തുതന്നെ പുനർവിന്യാസത്തിന് തീരുമാനമെടുത്തിരുന്നതിനാൽ പ്രതിപക്ഷവും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. യുവജന സംഘടനകളും മൗനത്തിലാണ്.
പുനർവിന്യസിച്ചവരിൽപെട്ട ഇംഗ്ലീഷ്, മലയാളം അധ്യാപകരെ സർക്കാർ സ്കൂളുകളിലെ അതേ ഒഴിവിൽ വിന്യസിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. കോടതിയുടെ ഇടക്കാല ഉത്തരവുള്ളതിനാലായിരുന്നു ഇത്. പി.എസ്.സി റാങ്ക് പട്ടികയിലുള്ളവർ േകരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ പരാതി നൽകുകയായിരുന്നു. അന്തിമ ഉത്തരവ് സർക്കാറിന് അനുകൂലമായാൽ ഉദ്യോഗാർഥികൾക്ക് നിരാശയാകും ഫലം. 2012ൽ അപേക്ഷ ക്ഷണിച്ച ഹൈസ്കൂൾ അധ്യാപക പരീക്ഷ പി.എസ്.സി നടത്തിയത് 2016ലാണ്. പല ജില്ലകളിലും ചുരുക്കപ്പട്ടിക പോലും പ്രസിദ്ധീകരിച്ചില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ ജില്ല വിദ്യാഭ്യാസ ഒാഫിസർമാർ ഒളിച്ചുകളി നടത്തുന്നതിനിടയിലാണ് ഇൗ ‘ചതി’യെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.