ആരോഗ്യ സർവകലാശാല പരിഷ്കാരങ്ങൾ സ്വാശ്രയ അധ്യാപകർക്ക് എതിരെന്ന് അധ്യാപക സംഘടന.
text_fieldsതൃശൂർ : കേരള ആരോഗ്യ സർവകലാശാല ഗവേണിംഗ് കൗൺസിൽ പുറത്തിറക്കിയ പരിഷ്കാരങ്ങൾ സ്വാശ്രയ അധ്യാപകർക്ക് എതിരായുള്ള നീക്കമാണെന്ന് അധ്യാപക സംഘടനകൾ. പുതിയ നീക്കം അനുസരിച്ച് ഒരു അധ്യയന വർഷത്തിന്‍റെ തുടക്കത്തിൽ ഒരു കോളേജിൽ തൊഴിൽ ചെയ്യുന്ന അധ്യാപകരെ അതെ അധ്യയന വർഷത്തിൽ മറ്റൊരു സ്ഥാപനത്തിലേക്ക് മാറുവാൻ അനുവദിക്കുകയില്ല.
ഈ നിയമം കാരണത്താൽ ഏറെ വലയുന്നത് സ്വാശ്രയ കോളേജ് അധ്യാപകരാണ്. അനിവാര്യ ഘട്ടങ്ങളിൽ സ്ഥലം മാറി പോകുവാനുള്ള സ്വാതന്ത്ര്യത്തിന്‍റെ നിഷേധമാണ് പുതിയ പരിഷ്കാരമെന്നും അധ്യാപകർ ആരോപിക്കുന്നു.സ്വാശ്രയ കോളേജ് അധ്യാപകരുടെ നിയമന കാര്യത്തിലോ, ക്ഷേമത്തിലോ യാതൊരു വിധ ഇടപെടലും ഇത് വരെ നടത്തിയിട്ടില്ലാത്ത ആരോഗ്യ സർവകലാശാല ഇപ്പോൾ നടത്തുന്ന നീക്കം സ്വകാര്യ മാനേജ്മെന്റുകളെ പ്രീതിപ്പെടുത്താനുള്ള ശ്രമം ആണെന്നും വിമർശനമുണ്ട്.
ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള സ്വാശ്രയ കോളേജുകളിൽ വിരലിലെണ്ണാവുന്ന കോളേജുകളിൽ മാത്രമാണ് അധ്യാപകർക്ക് ചട്ടപ്രകാരമുള്ള ശമ്പളവും ആനുകൂല്യങ്ങളും നൽകി വരുന്നത്.ഇക്കഴിഞ്ഞ ദേശീയ ലോക്‌ഡൗൺ കാലത്ത് പോലും കൃത്യമായ ശമ്പളം നൽകാതെയും ആനുകൂല്യങ്ങൾ പിടിച്ചു വെക്കുകയും ചെയ്ത നിരവധി കോളേജുകൾ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുണ്ട്. കൃത്യമായും ഓൺലൈൻ ക്ലാസ്സ് നടത്ത്തിയിട്ടും ശമ്പളം ചോദിച്ച അധ്യാപകരെ പിരിച്ചു വിട്ട വിചിത്ര സംഭവങ്ങൾ വരെ ഉണ്ടായിട്ടും അധ്യാപകരെ സംരക്ഷിക്കുവാനോ ഇത്തരം സംഭവങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കുവാനോ തയാറാകാത്ത ആരോഗ്യ സർവകലാശാല ഇപ്പോൾ പുതിയ പരിഷ്കാരവുമായി വന്നിരിക്കുന്നത് മാനേജ്മെന്റുകളെ പരോക്ഷമായി സഹായിക്കാൻ തന്നെ ആണെന്നാണ് വിമർശനം.
ഈ പരിഷ്കരണത്തിലൂടെ ഒരേ അധ്യാപകൻ തന്നെ ഒന്നിലധികം സ്ഥാപനങ്ങളിൽ ഒരു അധ്യയന വർഷം ജോലി ചെയ്യുന്നത് ഒഴിവാക്കാൻ പറ്റുമെന്നും അത് വഴി പഠനനിലവാരം ഉയർത്താൻ കഴിയുമെന്നുമാണ് ആരോഗ്യ സർവകലാശാല ഉത്തരവിലൂടെ പറയുന്നത്. എന്നാൽ നിലവിലെ സ്ഥിതിയനുസരിച്ചു തന്നെ ഇത് നിയന്ത്രിക്കാൻ കഴിയുമെന്നും സർവകലാശാലയുടെ ഫാക്കൽറ്റി എൻറോൾമെന്റ് പ്രോഗ്രാമിലൂടെ ഇത് സാധ്യമാകുന്നുണ്ടെന്നും അധ്യാപകർ അവകാശപ്പെടുന്നു.ഇത്തരത്തിൽ സൗകര്യങ്ങൾ ഉണ്ടായിരിക്കെ അത് ഫലപ്രദമായി ഉപയോഗിക്കാതെ പുതിയ പരിഷ്കാരത്തിന് തിടുക്കം കൂട്ടുന്നത് സ്വകാര്യ മാനേജ്മെന്റുകളെ പ്രീണിപ്പിക്കാൻ തന്നെയാണെന്ന് അധ്യാപകർ ആരോപിക്കുന്നു.
കേരള സർക്കാർ അടുത്ത് രൂപം കൊടുത്ത സ്വാശ്രയ അധ്യാപക നിയമത്തിന്‍റെ പരിധിയിൽ ആരോഗ്യ സർവകലാശാല ഉൾപ്പെടുന്നില്ല എന്നതും ഈ സർവകലാശാലയിലെ അധ്യാപകരോടുള്ള അവഗണ ആയി ചൂണ്ടി കാണിക്കപെടുന്നു. അധ്യാപകർക്ക് നേരെ മാനേജ്മെന്റുകൾ കൈകൊള്ളുന്ന നടപടികളിൽ നീതി നിഷേധം ഉണ്ടെങ്കിൽ ആശ്രയിക്കാൻ തക്കതായ ഒരു ഫോറം പോലും നിലവിൽ ഇല്ലെന്നുള്ളതാണ് അധ്യാപകരുടെ ദയനീയവസ്ഥ. പ്രശ്ന പരിഹാരത്തിനായി സിവിൽ കോടതികളെ മാത്രം ആശ്രയിക്കാൻ പോയാൽ വിധി വരുന്നതിന് വർഷങ്ങൾ വേണ്ടി വരുമെന്നുള്ളതിനാൽ മാനേജ്മന്റുകളുടെ ഏകപക്ഷീയമായ എല്ലാ നടപടികൾക്കും വഴങ്ങി കൊടുക്കുകയെ നിർവാഹമുള്ളൂ എന്ന് അധ്യാപകർ പറയുന്നു.
സാധാരണ നിലയിൽ തർക്ക പരിഹാരങ്ങൾക്ക് സമീപിക്കാവുന്ന ലേബർ കമ്മീഷനിലോ, യൂണിവേഴ്സിറ്റി ട്രൈബ്യൂണിലോ സ്വാശ്രയ അധ്യാപകർക്ക് പരാതിപ്പെടാൻ നിലവിൽ വകുപ്പില്ല. അധ്യാപകർക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾക്കായി ഇതുവരെ ഒരു നീക്കവും നടത്താത്ത സർവകലാശാല തിരക്കിട്ടു കൊണ്ട് പുതിയ പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തുന്നത് ദുരുഹത ഉളവാക്കുന്നുണ്ട്.
പുതിയ പരിഷ്കാരം അനുസരിച്ചു കൃത്യമായ ശമ്പളം കൊടുക്കാതെയോ അനുകൂല്യങ്ങൾ നിഷേധിക്കുകയോ ചെയ്‌താൽ പോലും അധ്യാപകർക്ക് പ്രതിഷേധിക്കുവാൻ കഴിയില്ല. പിരിച്ചു വിട്ടാൽ മറ്റൊരു സ്ഥാപനത്തെ തൊഴിലിനായി സമീപിക്കണമെങ്കിൽ വീണ്ടും സർവകലാശാലയുടെ അടുത്ത ഇൻസ്‌പെക്ഷൻ വരെ കാത്തിരിക്കേണ്ടി വരും. അത്രയും കാലം തൊഴിൽ രേഖകൾ ഒന്നും നൽകാതെ വന്നാൽ അധ്യാപകർക്ക് മറ്റു തൊഴിൽമേഖലകളെ പോലും ആശ്രയിക്കാൻ പറ്റില്ല.
ഇത്തരത്തിൽ നൂറ് ശതമാനവും സ്വകാര്യ മാനേജ്മെന്റ്കൾ ചൂഷണം ചെയ്യാൻ സാധ്യതയുള്ള പരിഷ്കാരത്തെ പ്രാബല്യത്തിൽ വരുത്തുന്നതിൽ നിന്നും സർവകലാശാല പിന്മാറണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമര മാർഗങ്ങൾ കൈകൊള്ളുമെന്നും അധ്യാപക സംഘടനകൾ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.